മെസി ബാഴ്സയിലേക്ക് ?
Sunday, April 2, 2023 12:54 AM IST
ബാഴ്സലോണ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്ന സൂചന ശക്തമായി. ലയണൽ മെസിയുമായി ബാഴ്സലോണ നിരന്തരം ചർച്ച നടത്തുന്നതായി ക്ലബ് വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ സ്ഥിരീകരിച്ചു.
21 വർഷം നീണ്ട ബാഴ്സലോണ ജീവിതത്തിനുശേഷം 2021ൽ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറിയിരുന്നു. ബാഴ്സലോണ കരാർ പുതുക്കാൻ തയാറാകാതിരുന്നതോടെയായിരുന്നു അത്.
പിഎസ്ജിയുമായുള്ള മെസിയുടെ കരാർ ഈ ജൂണിൽ അവസാനിക്കും. അതോടെ മെസി ഫ്രീ ഏജന്റാകും. മെസിയെ തിരിച്ച് കാന്പ് നൗവിൽ (ബാഴ്സലോണയുടെ ആസ്ഥാനം) കാണാൻ ആഗ്രഹിക്കുന്നതായി ക്ലബ് പരിശീലകൻ ചാവി ഹെർണാണ്ടസും വ്യക്തമാക്കിയിട്ടുണ്ട്. ചാവിയും മെസിയും ഒന്നിച്ച് ബാഴ്സലോണയിൽ ഏറെക്കാലം കളിച്ചവരാണ്.