ഐപിഎൽ 16മത് എഡിഷന് ഇന്നു തുടക്കം
Friday, March 31, 2023 12:50 AM IST
അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണിന് ഇന്നു കൊടിയേറ്റ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം ആറിന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. രശ്മിക മന്ദാന, തമന്ന ഭാട്ടിയ, ഗായകൻ അർജിത് സിംഗ് തുടങ്ങിയ താരങ്ങൾ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമാകും. ഏഴരയ്ക്കു നടക്കുന്ന ആദ്യ മത്സരത്തിൽ, നിലവിലെ ജേതാക്കളായ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടും.
52 ദിവസം നീണ്ടുനിൽക്കുന്ന പൂരത്തിനാണു വെള്ളിയാഴ്ച കൊടിയുയരുന്നത്. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം ഹോം-ആൻഡ് എവേ രീതിയിലേക്കു മത്സരങ്ങൾ തിരിച്ചുവരുന്നതാണു ടൂർണമെന്റിന്റെ സവിശേഷത.
പത്തു ടീമുകൾ 12 വേദികളിലായി 74 മത്സരങ്ങളിൽ ഏറ്റുമുട്ടും. കിരീടപ്പോരാട്ടം മേയ് 28ന്. ടോസിനു ശേഷം പ്ലെയിംഗ് ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്ട് പ്ലെയറും വൈഡും നോബോളും ഡിആർഎസ് പരിധിയിൽ വരുന്നതുമൊക്കെ ഇത്തവണത്തെ പ്രത്യേകതയാണ്. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്ട് പ്ലെയർ നിയമം.
പത്തു ടീമുകളെ രണ്ടു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പിലുള്ളവരുമായി ഓരോ തവണയും എതിർ ഗ്രൂപ്പിലുള്ളവരുമായി രണ്ടു തവണയും ഏറ്റുമുട്ടും. ഒരു ടീമിന് 14 മത്സരമുണ്ടാകും. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ പ്ലേ ഓഫിലേക്കു മുന്നേറും. ആദ്യ രണ്ടു സ്ഥാനക്കാർ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടി ഫൈനലിലെത്തും.
ഇതിൽ തോൽക്കുന്നവർക്ക് ഒരവസരംകൂടിയുണ്ട്. മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. എലിമിനേറ്ററിലെ വിജയിയും ഒന്നാം ക്വാളിഫയറിൽ തോൽക്കുന്നവരും രണ്ടാം ക്വാളിഫയർ കളിച്ചു ഫൈനലിലെത്തും.
ലീഗ് മത്സരങ്ങൾ മാർച്ച് 31 മുതൽ മേയ് 21 വരെ നടക്കും. സഞ്ജു സാംസണ് നായകനാകുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം ഏപ്രിൽ രണ്ടിനാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. ഗ്രൂപ്പ് എയിൽ മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ്, ലക്നോ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾക്കൊപ്പമാണു രാജസ്ഥാൻ.
നിതീഷ് റാണ
(കോൽക്കത്ത നൈറ്റ് റൈഡേഴ്സ്)
കോൽക്കത്തയുടെ പുതിയ നായകനാണു നിതീഷ് റാണ. പരിക്കിനെത്തുടർന്നു ശ്രേയസ് അയ്യർക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാകുന്നതിനെ തുടർന്നാണു നിതീഷിനെ നായകനാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയെ നയിച്ചതിന്റെ പരിചയസന്പത്ത് റാണയ്ക്കുണ്ട്.
എം.എസ്. ധോണി
(ചെന്നൈ സൂപ്പർ കിംഗ്സ്)
രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയ പരീക്ഷണം പാളിയതോടെയാണ് ധോണിയുടെ കൈയിൽ വീണ്ടും നായകപദവിയെത്തുന്നത്. എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ധോണിയുടെ പരിചയസന്പത്ത് തുണയാകുമെന്ന പ്രതീക്ഷയിലാണു ചെന്നൈ.
ഡേവിഡ് വാർണർ
(ഡൽഹി ക്യാപ്പിറ്റൽസ്്)
വാഹനാപകടത്തെത്തുടർന്ന് ഋഷഭ് പന്തിന് ഐപിഎൽ നഷ്ടമായതോടെയാണു ഡേവിഡ് വാർണറെ ഡൽഹി ക്യാപ്പിറ്റൽസ് നായകനായി തെരഞ്ഞെടുത്തത്. കളിച്ച ഒട്ടുമിക്ക ഐപിഎൽ സീസണുകളിലെല്ലാം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള വാർണറിൽ ആരാധകർക്കു വലിയ പ്രതീക്ഷയുണ്ട്.
ഹാർദിക് പാണ്ഡ്യ
(ഗുജറാത്ത് ടൈറ്റൻസ്)
അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്കു കൈപിടിച്ച നായകനാണു ഹാർദിക് പാണ്ഡ്യ. നേതൃമികവും ഓൾറൗണ്ട് പ്രകടനവും സമാസമം കൂട്ടിയോജിക്കുന്ന പാണ്ഡ്യയും ടൈറ്റൻസും, പുതിയ സീസണിൽ കിരീടം നിലനിർത്തുന്നതിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.
കെ.എൽ. രാഹുൽ
(ലക്നോ സൂപ്പർ ജയന്റ്സ്്)
രാജ്യാന്തര ക്രിക്കറ്റിലെ മോശം ഫോം ഐപിഎല്ലിൽ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണു രാഹുൽ. കഴിഞ്ഞ വർഷം ലീഗിൽ അരങ്ങേറ്റം കുറിച്ച ലക്നോ സൂപ്പർ ജയന്റ്സിനെ, ഇക്കുറി കിരീടത്തിലേക്കു നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് രാഹുലിനുള്ളത്.
രോഹിത് ശർമ
(മുംബൈ ഇന്ത്യൻസ്)
ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയ്ക്ക് ഐപിഎൽ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞത്. ഒന്‍പതാം സ്ഥാനത്താണു കഴിഞ്ഞ സീസണിൽ ടീം ഫിനിഷ് ചെയ്തത്. ഇത്തവണ അടിമുടി അഴിച്ചുപണിത ടീമുമായി വിജയം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണു മുംബൈ.
സഞ്ജു സാംസണ്
(രാജസ്ഥാൻ റോയൽസ്)
നായകനായുള്ള അരങ്ങേറ്റ സീസണിൽത്തന്നെ ടീമിനെ ഫൈനലിലെത്തിച്ച സഞ്ജുവിൽ ടീം മാനേജ്മെന്റ് സന്തുഷ്ടരാണ്. വെടിക്കെട്ട് ബാറ്റർമാർ നിറയുന്ന ടീം, കിരീടത്തിൽ കുറഞ്ഞെതൊന്നും ലക്ഷ്യംവയ്ക്കുന്നില്ല. മികച്ച പ്രകടനം കാഴ്ചവച്ചാൽ സഞ്ജുവിനുമുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലും തുറക്കും.
ശിഖർ ധവാൻ
(പഞ്ചാബ് കിംഗ്സ്)
കഴിഞ്ഞ സീസണിനുശേഷം മായങ്ക് അഗർവാളിനെ നായകസ്ഥാനത്തുനിന്നു പുറത്താക്കിയതോടെയാണു ധവാന്റെ ക്യാപ്റ്റൻസിയിലേക്കു മാനേജ്മെന്റ് എത്തുന്നത്. ക്യാപ്റ്റനെന്ന നിലയിൽ കന്നി കിരീടമാണു ധവാന്റെ ലക്ഷ്യം. മികച്ച പ്രകടനം കാഴ്ചവച്ചാൽ ധവാന് ഇന്ത്യൻ ടീമിലേക്കും വിളിയെത്തിയേക്കാം.
ഫാഫ് ഡുപ്ലസിസ്
(ബാംഗളൂർ റോയൽ ചലഞ്ചേഴ്സ്)
വിരാട് കോഹ്ലിയിൽനിന്നു ഡു പ്ലെസിസ് നായകസ്ഥാനം ഏറ്റെടുത്തെങ്കിലും മെച്ചപ്പെട്ട പ്രകടനം ടീമിൽനിന്നുണ്ടായില്ല. ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ലെന്ന പേരുദോഷം മാറ്റാൻ ഡു പ്ലസിക്കു പുതിയ സീസണിൽ കഴിയുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.
എയ്ഡൻ മാർക്രം
(സണ്‍റൈസേഴ്സ് ഹൈദരാബാദ്)
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ നായകപരീക്ഷണമാണ് എയ്ഡൻ മാർക്രം. കെയ്ൻ വില്യംസണിൽനിന്നു നായകസ്ഥാനം ഏറ്റെടുത്ത, ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗ് വിജയനായകനായ, മാർക്രത്തിനു ടീമിന്റെ തലവര മാറ്റാനാകുമോ എന്നു കണ്ടറിയണം.