ഓ മുംബൈ! മുംബൈ ഇന്ത്യന്‍സ് ഡബ്ള്യുപിഎല്‍ ജേതാക്കള്‍
Monday, March 27, 2023 12:19 AM IST
മുംബൈ: മുംബൈ ഇന്ത്യൻസ് പ്രഥമ വനിതാ പ്രീമിയർ ലീഗ് ജേതാക്കൾ. കലാശപ്പോരിൽ ഡൽഹി കാപ്പിറ്റൽസിനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 132 റണ്‍സ് ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ മൂന്നു പന്ത് ബാക്കിനിൽക്കെ മുംബൈ മറികടന്നു. 55 പന്തിൽ ഏഴു ഫോറുൾപ്പെടെ 60 റണ്‍സ് നേടി പുറത്താകാതെനിന്ന നാറ്റ് സീവർ ബ്രണ്ടിന്റെ പ്രകടനമാണു മുംബൈക്കു ജയമൊരുക്കിയത്. 37 റണ്‍സ് നേടിയ ഹർമൻപ്രീത് കൗറിനൊപ്പം മൂന്നാം വിക്കറ്റിൽ ബ്രണ്ട് കൂട്ടിച്ചേർത്ത 72 റണ്‍സ് മുംബൈ ജയത്തിൽ നിർണായകമായി.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹിയുടെ മുൻനിര ഇസി വോംഗിന്റെ ബൗളിംഗിനു മുന്നിൽ തകർന്നടിഞ്ഞു. മൂന്നു മുൻനിര വിക്കറ്റുകൾ വോംഗ് പേരിലാക്കി. ഒരുഘട്ടത്തിൽ 79/9 എന്ന നിലയിലായിരുന്നു ഡൽഹി.
ഇതിനുശേഷം അവസാന ഓവറുകളിൽ തകർത്തടിച്ച ശിഖ പാണ്ഡെയും രാധ യാദവുമാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. ശിഖ 17 പന്തിൽ 27 റണ്‍സോടെയും രാധ 12 പന്തിൽ 27 റണ്‍സുമായും പുറത്താവാതെനിന്നു. മുംബൈക്കായി ഇസി വോംഗും ഹെയ്ലി മാത്യൂസും മൂന്നു വിക്കറ്റ് വീതം നേടി.