ബ്രസീൽ ഞെട്ടി
Monday, March 27, 2023 12:19 AM IST
ടാൻജിയർ: സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലിനെ അട്ടിമറിച്ച് ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ. ഖത്തർ ലോകകപ്പിനുശേഷം ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിനെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ആഫ്രിക്കയിൽനിന്നുള്ള മൊറോക്കോ തകർത്തത്.
മൊറോക്കോയിലെ ബറ്റൂട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സോഫിയൻ ബൗഫൽ (29’), അബ്ദുൽഹമീദ് സാബിരി (79’) എന്നിവർ ആതിഥേയർക്കായി ലക്ഷ്യംകണ്ടു. ബ്രസീലിന്റെ ആശ്വാസ ഗോൾ കാസെമിറോ (76’) യുടെ വകയായിരുന്നു. അഞ്ചുവട്ടം ലോകജേതാക്കളായ ബ്രസീലിനെതിരേ മൊറോക്കോയുടെ ആദ്യ ജയമാണിത്.
ജർമൻ കുതിപ്പ്
മറ്റൊരു സൗഹൃദപോരാട്ടത്തിൽ ജർമനി പെറുവിനെ വീഴ്ത്തി. നിക്ലസ് ഫുൾക്രുഗിന്റെ ഇരട്ട ഗോൾ മികവിലായിരുന്നു ജർമനിയുടെ വിജയം. 12, 33 മിനിറ്റുകളിലായിരുന്നു ഫുൾക്രുഗിന്റെ ഗോൾ. ഖത്തർ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായതിനുശേഷം ജർമനി കളിക്കുന്ന ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്.