ലൈക്ക് ലുകാക്കു
Sunday, March 26, 2023 1:25 AM IST
സ്റ്റോക്ഹോം (സ്വീഡൻ): 2024 യൂറോ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ റൊമേലു ലുകാക്കുവിന്റെ ഹാട്രിക്കിലൂടെ ബെൽജിയം 3-0നു സ്വീഡനെ തകർത്തു.
സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ രാജ്യാന്തര ഫുട്ബോളിലേക്കുള്ള മടങ്ങിവരവ് അതോടെ വെള്ളത്തിലായി. 41കാരനായ ഇബ്രാഹിമോവിച്ച് 73-ാം മിനിറ്റിലായിരുന്നു സ്വീഡനായി കളത്തിലെത്തിയത്. യൂറോപ്യൻ ചാന്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കുന്ന ഏറ്റവും പ്രായമുള്ള രണ്ടാമൻ എന്ന നേട്ടത്തിനും ഇബ്രാഹിമോവിച്ച് അർഹനായി.
3+: മൂന്നാം ഹാട്രിക്
ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ 35, 49, 82 മിനിറ്റുകളിൽ വലകുലുക്കിയായിരുന്നു ലുകാക്കു ഹാട്രിക് പൂർത്തിയാക്കിയത്. രാജ്യാന്തര ഫുട്ബോളിൽ ലുകാക്കുവിന്റെ മൂന്നാം ഹാട്രിക്കാണിത്. ബെൽജിയത്തിനായി ഏറ്റവും കൂടുതൽ ഹാട്രിക് നേടിയതിൽ റോബർട്ട് ഡീവീനിനൊപ്പവും ലുകാക്കു ഇതോടെയെത്തി.
മറ്റൊരു മത്സരത്തിൽ പോളണ്ട് 2-1ന് ചെക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചു. സെർബിയ, ഓസ്ട്രിയ, ഗ്രീസ് ടീമുകളും ജയം സ്വന്തമാക്കി.