ആദ്യജയം സ്ലോവേനിയയ്ക്ക്
Friday, March 24, 2023 1:07 AM IST
അസ്താന (ഉസ്ബക്കിസ്ഥാൻ): 2024 യുവേഫ യൂറോ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരത്തിൽ സ്ലോവേനിയ ജയം സ്വന്തമാക്കി. കസാക്കിസ്ഥാനെ 1-2നാണ് സ്ലോവേനിയ തോൽപ്പിച്ചത്. എവേ പോരാട്ടത്തിൽ ഒരു ഗോളിനു പിന്നിൽ നിന്നശേഷമായിരുന്നു സ്ലോവേനിയയുടെ ജയം.
23-ാം മിനിറ്റിൽ മാക്സിം സമൊറൊഡോവിലൂടെ കസാക്കിസ്ഥാൻ ലീഡിൽ എത്തി. ഒരു ഗോളിന്റെ കടവുമായി ആദ്യപകുതി അവസാനിപ്പിച്ച സ്ലോവേനിയ, 47-ാം മിനിറ്റിൽ ഒപ്പമെത്തി. ഡേവിഡ് ബ്രെകാലൊയുടെ വകയായിരുന്നു സന്ദർശകരുടെ സമനില ഗോൾ. 78-ാം മിനിറ്റിൽ സാൻ വിപോട്ട്നിക്കിലൂടെ സ്ലോവേനിയ ജയം കുറിച്ചു.
ഗ്രൂപ്പ് എച്ചിൽ സ്ലോവേനിയയ്ക്കും കസാക്കിസ്ഥാനും ഒപ്പം ഡെന്മാർക്ക്, ഫിൻലൻഡ്, നോർത്തേണ്‍ അയർലൻഡ്, സാൻ മറീനോ ടീമുകളാണുള്ളത്.