ഇത്തവണ ഐപിഎൽ സൂപ്പറാകും
Thursday, March 23, 2023 12:47 AM IST
ഐപിഎൽ 2023 സീസണ് പുതിയ മാറ്റങ്ങളാൽ സൂപ്പറാകും. രണ്ടു സുപ്രധാന മാറ്റങ്ങളാണ് കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ഐപിഎല്ലിൽ ഉണ്ടാകുക. അതിൽ ആദ്യത്തേത് ഇംപാക്ട് പ്ലെയർ ആണ്.
മത്സരത്തിന്റെ ഏതു സമയത്തും പകരക്കാരനായി കളത്തിൽ ഇറക്കാവുന്ന കളിക്കാരനാണ് ഇംപാക്ട് പ്ലെയർ. ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച ശ്രദ്ധേയമായ മാറ്റം ടോസ് ഇട്ടശേഷം ടീമിനെ പ്രഖ്യാപിക്കാം എന്നതാണ്. ടോസ് ഇടുന്നതിനു മുന്പ് പ്ലേയിംഗ് ഇലവണിനെ ഇരു ടീം ക്യാപ്റ്റന്മാരും കൈമാറുന്നതാണ് ഇതുവരെയുള്ള പതിവ്.
ഈ മാസം 31നു നിലവിലെ ചാന്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് 2023 സീസണ് ഐപിഎൽ ഉദ്ഘാടന മത്സരം.
02: രണ്ട് ടീമുമായി ടോസിന്
ടോസ് ഇടാൻ എത്തുന്പോൾ ഇരുടീം ക്യാപ്റ്റന്മാർക്കും രണ്ടു ടീം ലിസ്റ്റുമായി എത്താം. ടോസ് നേടുന്നതനുസരിച്ച് ബാറ്റിംഗ് ആണോ, ബൗളിംഗ് ആണോ ലഭിക്കുക എന്നു മനസിലാക്കിയശേഷം ഇതിൽ ഏതു ടീമിനെ ആണു കളത്തിലിറക്കുക എന്നു ക്യാപ്റ്റനു തീരുമാനിക്കാം. അതായത്, ആദ്യം ബാറ്റിംഗ് ലഭിച്ചാൽ കളിക്കേണ്ട ടീമിനെയും ആദ്യം ഫീൽഡിംഗ് ആണെങ്കിൽ അതിനനുസരിച്ചുള്ള ടീമിനെയുമായി ടോസിന് എത്തുന്ന ക്യാപ്റ്റന്, ടോസിനു ശേഷം ഏതാണോ ലഭിക്കുന്നത് ആ ടീമിനെ ഇറക്കാമെന്നു ചുരുക്കം.
01: ഇംപാക്ട് പ്ലെയർ
മത്സരത്തിന്റെ ഏതു സമയത്തും കളത്തിൽ ഇറക്കാവുന്ന സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരനാണ് ഇംപാക്ട് പ്ലെയർ. ആദ്യ 11ൽ നാലു വിദേശ കളിക്കാരുണ്ടെങ്കിൽ ഇംപാക്ട് പ്ലെയറായി ഇന്ത്യക്കാരെ മാത്രമേ ഇറക്കാൻ സാധിക്കൂ. ഫുട്ബോൾ, റഗ്ബി, ബാസ്കറ്റ്ബോൾ തുടങ്ങിയ മത്സരങ്ങളിലെ സബ്സ്റ്റിറ്റ്യൂഷനു സമാനമാണ് ഇംപാക്ട് പ്ലെയർ.
ഓരോ ടീമിനും നാല് ഇംപാക്ട് പ്ലെയർമാരെ സബ്സ്റ്റിറ്റ്യൂട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താം. ഇതിൽ ആരെ വേണമെങ്കിലും കളത്തിലിറക്കാൻ ടീമിന് അധികാരമുണ്ട്. ഇന്നിംഗ്സിനു മുന്പ്, ഓവറിന്റെ അവസാനം, വിക്കറ്റ് വീഴുന്പോൾ, ബാറ്റർ റിട്ടയർ ചെയ്യുന്പോൾ എന്നീ സന്ദർഭങ്ങളിലാണ് ഇംപാക്ട് പ്ലെയറിനെ ഒരു ബാറ്റിംഗ് ടീമിന് ഉപയോഗിക്കാൻ സാധിക്കുക. ബൗളിംഗ് ടീമിന് വിക്കറ്റ് വീഴുന്പോഴും ബാറ്റർ റിട്ടയർ ചെയ്യുന്പോഴും ഇംപാക്ട് പ്ലെയറിനെ ഇറക്കാം. കളത്തിൽനിന്നു പിൻവലിക്കപ്പെടുന്ന കളിക്കാരന് പിന്നീട് മത്സരത്തിന്റെ ഒരു ഘട്ടത്തിലും യാതൊരു തരത്തിലും തിരിച്ചെത്താൻ സാധിക്കില്ല.