പ്രൈം വോളിക്ക് ഇന്നു തുടക്കം
Saturday, February 4, 2023 4:45 AM IST
ബംഗളൂരു: കോർട്ടിൽ കുത്തിപ്പൊങ്ങി മേൽക്കൂരയിൽ ഇടിക്കുന്ന വന്പൻ സ്മാഷുകളുടെ തീപ്പൊരിപ്പോരാട്ടത്തിന് ഇന്നു തുടക്കം. രാജ്യത്തിന്റെ വോളിബോൾ മുഖമായ പ്രൈം വോളി ലീഗിന്റെ രണ്ടാം സീസണ് ഇന്ന് ബംഗളൂരുവിൽ ആരംഭിക്കും. ഉദ്ഘാടനപോരാട്ടത്തിൽ നിലവിലെ ചാന്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സ് ആതിഥേയരായ ബംഗളൂരു ടോർപ്പിഡോസിനെ നേരിടും. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. 6.30 മുതൽ 2023 സീസണ് ഉദ്ഘാടച്ചടങ്ങുകൾ നടക്കും.
26 ദിവസം നീളുന്ന ചാന്പ്യൻഷിപ്പിൽ സെമി, ഫൈനൽ അടക്കം 31 മത്സരങ്ങളാണുള്ളത്. രാത്രി ഏഴിനാണ് ഭൂരിഭാഗം മത്സരങ്ങളും. രണ്ട് മത്സരങ്ങളുള്ളപ്പോൾ ഏഴിനും ഒന്പതിനും നടക്കും.
കൊച്ചി, കാലിക്കട്ട്
കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കട്ട് ഹീറോസ് എന്നിങ്ങനെ കേരളത്തിൽനിന്നു രണ്ട് ടീമുകൾ പ്രൈം വോളി ലീഗിലുണ്ട്. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനക്കാരായിരുന്നു കാലിക്കട്ട് ഹീറോസ്. നാളെ മുംബൈ മെറ്റിയോസിന് എതിരേയാണ് കാലിക്കട്ടിന്റെ ആദ്യമത്സരം. ഏഴിന് ചെന്നൈ ബ്ലിറ്റ്സിനെതിരേയാണ് കൊച്ചി സീസണിൽ ആദ്യം കളത്തിലെത്തുക.
മൂന്ന് വേദികൾ
കൊച്ചിയുൾപ്പെടെ മൂന്നു വേദികളിലാണ് പ്രൈം വോളിബോൾ 2023 സീസണ് അരങ്ങേറുക. സീസണിന്റെ ആദ്യഘട്ടം ഫെബ്രുവരി 12 വരെ ബംഗളൂരുവിൽ അരങ്ങേറും. രണ്ടാം ഘട്ടം ഫെബ്രുവരി 15 മുതൽ 21 വരെ ഹൈദരാബാദിലാണ്. സെമി, ഫൈനൽ ഉൾപ്പെടെയുള്ള മൂന്നാം ഘട്ടത്തിന് 24 മുതൽ കൊച്ചി വേദിയാകും. മാർച്ച് മൂന്നിനും നാലിനുമാണ് സെമി ഫൈനൽ, ഫൈനൽ മാർച്ച് അഞ്ചിനും.
കന്നിക്കാർ മുംബൈ
2022 സീസണിനെ അപേക്ഷിച്ച് ഇത്തവണ എട്ട് ടീമാണ് പ്രൈം വോളിയിൽ ഏറ്റുമുട്ടുക. നവാഗതരായി എത്തുന്നത് മുംബൈ മെറ്റിയോസ് ആണ്. കാലിക്കട്ടിനെതിരേയാണ് മെറ്റിയോസിന്റെ ആദ്യമത്സരം.
മലയാളികൾ 36+7
എട്ട് ടീമുകളിലായി 36 മലയാളി കളിക്കാർ പ്രൈം വോളി 2023 സീസണിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് മലയാളികളുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിലാണ് കേരള സാന്നിധ്യം ഏറ്റവും കൂടുതൽ. ഹൈദരാബാദ്, മുംബൈ, ബംഗളൂരു ടീമുകളിൽ ആറും കാലിക്കട്ടിൽ അഞ്ചും മലയാളി കളിക്കാരുണ്ട്.
നാല് മലയാളികൾ മുഖ്യപരിശീലകരായും മൂന്നുപേർ സഹപരിശീലകരായുമുണ്ട്. ഇന്ത്യൻ മുൻ താരങ്ങളായ ടോം ജോസഫ് (ഹൈദരാബാദ്), കിഷോർ കുമാർ (കാലിക്കട്ട്), ഇന്ത്യൻ മുൻ പരിശീലകൻ സണ്ണി ജോസഫ് (മുംബൈ), കേരള മുൻ പരിശീലകൻ എസ്.ടി. ഹരിലാൽ (കൊച്ചി) എന്നിവരാണ് മലയാളികളായ മുഖ്യപരിശീലകർ. ബോബി സേവ്യർ, സജീവ് പി. വാസു, ബിജോയ് ബാബു എന്നിവർ കൊച്ചിയുടെ പരിശീലകസംഘത്തിലുള്ള മലയാളികളാണ്.