സന്പൂർണജയം തേടി ഇന്ത്യ ഇന്ന് ഇന്‍ഡോറില്‍ ; ആശ്വാസത്തിന് കിവീസ്
Tuesday, January 24, 2023 12:25 AM IST
ഇൻഡോർ: ന്യൂസിലൻഡിനെതിരായ പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഇന്ന്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതൽ പകലും രാത്രിയുമായാണു മത്സരം. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നുകൂടി ജയിച്ചാൽ പരന്പര തൂത്തുവാരാം. മത്സരം സ്റ്റാർ സ്പോർട്സിന്റെ വിവിധ ചാനലുകളിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയം.
ആദ്യ ഏകദിനത്തിൽ ശുഭ്മൻ ഗില്ലിന്റെ ഇരട്ടസെഞ്ചുറിയും രണ്ടാം ഏകദിനത്തിൽ പേസർമാരുടെ തകർപ്പൻ പ്രകടനവുമാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ഇതിനകം പരന്പര നേടിയതിനാൽ പ്രധാന താരങ്ങൾക്ക് ഇന്ത്യ വിശ്രമം നൽകാൻ സാധ്യതയുണ്ട്. അങ്ങനെവന്നാൽ പരന്പരയിൽ ഇനിയും അവസരം ലഭിക്കാത്ത ഉമ്രാൻ മാലിക്ക്, യുസ്വേന്ദ്ര ചാഹൽ, ഷഹബാസ് അഹമ്മദ്, രജത് പട്ടിദാർ എന്നിവർക്കു പ്ലെയിംഗ് ഇലവനിൽ ഇടംലഭിക്കും.
മധ്യനിര മാറും
ഓപ്പണർമാരായ രോഹിത് ശർമയും ഗില്ലും വണ്‍ ഡൗണായിറങ്ങുന്ന വിരാട് കോഹ്ലിയും തകർപ്പൻ ഫോമിലാണ്. മധ്യനിരയാണ് കഴിഞ്ഞ കുറെ മത്സരങ്ങളായി ഇന്ത്യയുടെ ദൗർബല്യം. ആ മധ്യനിരയിൽ മാനേജ്മെന്റ് പരീക്ഷണത്തിനു മുതിർന്നാൽ, മിന്നുംഫോമിലുള്ള ശുഭ്മൻ ഗില്ലിനു വിശ്രമം നൽകി ഇഷാൻ കിഷനെ ഓപ്പണറാക്കും. അങ്ങനെ വന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ കഴിവുതെളിയിച്ച രജത് പട്ടിദാർ ടീമിലെത്തും.
ഉപനായകൻ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്കും കൂടുതൽ ബാറ്റിംഗ് അവസരം നൽകും. ശ്രേയസ് അയ്യരുടെ അഭാവത്തിൽ സൂര്യകുമാർ ഏകദിനത്തിൽ കരുത്തു തെളിയിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. ബൗളിംഗിൽ തിളങ്ങുന്നുണ്ടെങ്കിലും ബാറ്റിംഗിൽ ഹാർദിക്കിന്റെ പ്രകടനം അത്ര മെച്ചമല്ല. ഷഹബാസ് ടീമിലേക്കു വന്നാൽ വാഷിംഗ്ടണ്‍ സുന്ദറായിരിക്കും പുറത്തുപോകുക. കുൽദീപ് യാദവിനു പകരം ചാഹൽ ടീമിലെത്തും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് ഇവരിലൊരാളെ ഒഴിവാക്കിയാൽ മാത്രമേ ഉമ്രാൻ മാലിക്കിനു പ്ലെയിംഗ് ഇലവനിൽ ഇടംലഭിക്കൂ.
ഒരുജയം തേടി
മറുവശത്ത്, കെയ്ൻ വില്യംസന്റെ അഭാവത്തിൽ കളിക്കുന്ന കിവീസിന് ഇതുവരെ ഇന്ത്യയിൽ നിലയുറപ്പിക്കാൻ സാധിച്ചിട്ടില്ല. ഇന്നു ജയിക്കേണ്ടത് അവരുടെ അഭിമാനത്തിന്റെകൂടി പ്രശ്നമാണ്. കഴിഞ്ഞ 30 ഇന്നിംഗ്സുകളിൽ കിവീസിന്റെ ആറു മുൻനിര ബാറ്റർമാർ 40 കടന്നത് വെറും ഏഴുതവണ മാത്രമാണ്. ഇതിൽതന്നെ മൈക്കിൾ ബ്രേസ്വെല്ലാണു മികച്ചുനിൽക്കുന്നത്.
ടീം ഇവരിൽനിന്ന്
ഇന്ത്യ- രോഹിത് ശർമ (നായകൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, രജത് പട്ടിദാർ, സൂര്യകുമാർ യാദവ്, കെ.എസ്. ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുർ ഠാക്കുർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്.
ന്യൂസിലൻഡ്- ടോം ലാഥം (നായകൻ), ഫിൻ അല്ലൻ, ഡഗ് ബ്രേസ്വെൽ, മൈക്കിൾ ബ്രേസ്വെൽ, മാർക് ചാപ്മൻ, ഡെവണ്‍ കോണ്‍വേ, ജേക്കബ് ഡഫി, ലോക്കീ ഫെർഗുസണ്, ഡാരിൽ മിച്ചൽ, ഹെന്റി നിഷോൾസ്, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ഹെന്റി ഷിപ്ലി, ഇഷ് സോധി, ബ്ലെയർ ടിക്നർ.
കോഹ്ലിക്കെണി
സ്പിന്നർമാരെ എങ്ങനെ നേരിടണമെന്നറിയാതെ വിരാട് കോഹ്ലി കുഴങ്ങുന്നതു സമീപകാലത്തു പതിവുകാഴ്ചയാണ്. പരന്പര ആരംഭിക്കുംമുന്‍പ് കളിച്ച നാല് ഇന്നിംഗ്സുകളിൽ മൂന്നിലും സെഞ്ചുറിനേടിയ കോഹ്ലി, കഴിഞ്ഞ ദിവസം ഇടംകൈയൻ സ്പിന്നറായ മിച്ചൽ സാന്റ്നർക്കു വിക്കറ്റ് നൽകിയാണു മടങ്ങിയത്.
അപൂർവ നേട്ടമരികെ
ഇന്നത്തെ ഏകദിനം വിജയിച്ചാൽ നാട്ടിൽ തുടർച്ചയായ സന്പൂർണ പരന്പരവിജയങ്ങളുടെ നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. 2009നുശേഷം നാട്ടിൽ ഇന്ത്യ കളിച്ച 27 ഏകദിന പരന്പരകളിൽ 24 എണ്ണവും ഇന്ത്യ വിജയിച്ചു; തോറ്റത് മൂന്നു പരന്പരകളിൽ മാത്രം. ന്യൂസിലൻഡിനെതിരേ സ്വന്തം നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം പരന്പര വിജയമാണിത്. 1988നുശേഷം നാട്ടിൽ ഇന്ത്യ കിവീസിനോടു പരന്പര നഷ്ടപ്പെടുത്തിയിട്ടില്ല.
അടിച്ചുപറത്തും
ഹോൾക്കർ സ്റ്റേഡിയത്തിലെ ബൗണ്‍സുള്ള പിച്ച് ബാറ്റർമാരെ പിന്തുണയ്ക്കുന്നതാണു പതിവ്. ബൗണ്ടറികളും ചെറുതാണ്. അതുകൊണ്ടുതന്നെ വന്പനടിക്കാരായ ബാറ്റർമാരെ പിടിച്ചുകെട്ടാൻ ബൗളർമാർ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
ജയിച്ചാല്‍ ഒന്ന്
ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താം. നിലവിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ജയിച്ചാൽ ഇന്ത്യ മുന്നിലെത്തും. ടൂർണമെന്റ് ആരംഭിക്കും മുന്‍പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡായിരുന്നു ഒന്നാമത്. ഇന്നു പരാജയപ്പെട്ടാലും ഒന്നാമതെത്താൻ ഇന്ത്യക്ക് അവസരമുണ്ട്. എന്നാൽ, അതിന് ഓസ്ട്രേലിയയ്ക്കെതിരേ മാർച്ചിൽ നടക്കുന്ന ഏകദിന പരന്പര ജയിക്കണം.