നന്പർ വൺ അട്ടിമറി
Monday, January 23, 2023 12:24 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെകിനെ അട്ടിമറിച്ച് 2022 വിംബിൾഡണ്‍ ചാന്പ്യനായ കസാക്കിസ്ഥാന്റെ എലേന റെബാകിനയുടെ മുന്നേറ്റം.
വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു 22-ാം സീഡായ റെബാകിനയുടെ ജയം. സ്കോർ: 6-4, 6-4. 2020, 2022 ഫ്രഞ്ച് ഓപ്പണ്‍, 2022 യുഎസ് ഓപ്പണ്‍ എന്നിങ്ങനെ മൂന്ന് ഗ്രാൻസ്ലാം സിംഗിൾസ് ജേതാവാണ് ഷ്യാങ്ടെക്. അമേരിക്കയുടെ ഏഴാം സീഡായ കൊക്കൊ ഗഫിനെ അട്ടിമറിച്ച ലാത്വിയയുടെ യെലേന ഒസ്താപെങ്കൊ ആണ് ക്വാർട്ടറിൽ റെബാകിനയുടെ എതിരാളി. കൊക്കൊ ഗഫിനെ 7-5, 6-3നായിരുന്നു ഒസ്താപെങ്കൊ അട്ടിമറിച്ചത്. 2017 വിംബിൾഡണ്‍ ജേതാവാണ് ഒസ്താപെങ്കൊ.
അമേരിക്കയുടെ മൂന്നാം സീഡായ ജെസീക്ക പെഗുല ക്വാർട്ടറിൽ പ്രവേശിച്ചു. 20-ാം സീഡായ ചെക് താരം ബാർബോറ ക്രെജിക്കോവയെ 7-5, 6-2നു കീഴടക്കിയാണ് പെഗുലയുടെ ക്വാർട്ടർ പ്രവേശം. ബെലാറൂസിന്റെ വിക്ടോറിയ അസരെങ്കയും അവസാന എട്ടിൽ കടന്നിട്ടുണ്ട്.
സിറ്റ്സിപാസ് പാസ്
പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ക്വാർട്ടറിൽ. 15-ാം സീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെ അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിലൂടെ കീഴടക്കിയാണ് അഞ്ചാം സീഡായ സിറ്റ്സിപാസ് പ്രീക്വാർട്ടർ പാസായത്. സ്കോർ: 6-4, 6-4, 3-6, 4-6, 6-3. ആറാം സീഡായ കാനഡയുടെ ഫെലീക്സ് അഗറിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലൂടെ കീഴടക്കിയ ചെക് താരം ജിറീ ലെഹേഷ്കയാണ് ക്വാർട്ടറിൽ സിറ്റ്സിപാസിന്റെ എതിരാളി.
29-ാം സീഡായ അമേരിക്കയുടെ സെബാസ്റ്റ്യൻ കോർഡ 10-ാം സീഡായ പോളണ്ടിന്റെ ഹൂബർട്ട് ഹർകാസിനെ 3-6, 6-3, 6-2, 1-6, 7-6 (7-10)നു കീഴടക്കി അവസാന എട്ടിൽ ഇടംപിടിച്ചു. ജപ്പാന്റെ 31-ാം സീഡായ യോഷിഹിതൊ നിഷിയോകയെ 0-6, 0-6, 6-7 (4-7) നു മറികടന്ന റഷ്യയുടെ 18-ാം സീഡായ ഖാചനോവാണ് ക്വാർട്ടറിൽ കോർഡയുടെ എതിരാളി.