യുവന്റസിനു ശിക്ഷ
Sunday, January 22, 2023 2:19 AM IST
മിലാൻ: ട്രാൻസ്ഫർ കുറ്റകൃത്യത്തിന്റെ പേരിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് കടുത്ത ശിക്ഷ. ഇറ്റാലിയൻ സോക്കർ കോർട്ടാണ് പിഴയിട്ടത്. 2022-23 സീസണ് ഇറ്റാലിയൻ സീരി എയിൽ യുവന്റസിന്റെ 15 പോയിന്റ് വെട്ടിക്കുറയ്ക്കാനാണ് കോടതി ഉത്തരവ്. മറ്റു ക്ലബ്ബുകളുമായി കളിക്കാരെ കൈമാറ്റം ചെയ്തതിൽ യുവന്റസ് തിരിമറി നടത്തിയെന്നു കണ്ടെത്തിയതോടെയാണിത്. ഉന്നത കോടതിയിൽ അപ്പീലിനു പോകുമെന്ന് യുവന്റസ് വൃത്തങ്ങൾ അറിയിച്ചു.
സീരി എയിൽ 37 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന യുവന്റസ് ഇതോടെ 10-ാം സ്ഥാനത്തേക്കു പതിച്ചു. നിലവിൽ 18 മത്സരങ്ങളിൽ 11 ജയവും നാല് സമനിലയുമുള്ള യുവന്റസിന് ഇപ്പോൾ 22 പോയിന്റ് മാത്രമാണുള്ളത്.