തലമുറമാറ്റം
Friday, December 2, 2022 1:41 AM IST
പരിക്കേറ്റ സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിൽ ബ്രസീൽ ടീമിൽ തലമുറമാറ്റം. ലോകകപ്പ് ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീൽ 1-0ന്റെ ജയം നേടിയിരുന്നു.
നെയ്മറിന്റെ സാന്നിധ്യം ടീമിനു മുതൽക്കൂട്ടാണെന്നതു വാസ്തവമാണ്. എങ്കിലും നെക്സ്റ്റ് ജനറേഷൻ ടീമാണു കാനറികൾക്കായി ഇപ്പോൾ പന്തു തട്ടുന്നതെന്നതിൽ തർക്കമില്ല. 21കാരൻ റോഡ്രിഗോ, 22കാരൻ വിനീഷ്യസ് ജൂണിയർ, 24കാരൻ ഏഡർ മിലിറ്റാവോ, 125കാരൻ റാഫീഞ്ഞ അങ്ങനെ നീളുന്നു ബ്രസീലിന്റെ തലമുറമാറ്റ സൂചനകൾ.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ രണ്ടു താരങ്ങളാണു വിനീഷ്യസ് ജൂണിയറും റോഡ്രിഗോയും. രണ്ടുപേരും സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ ഒന്നിച്ചു പന്തുതട്ടുന്നവർ. സ്വിറ്റ്സർലൻഡിനെതിരേ വിനീഷ്യസ് ജൂണിയർ ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് വിധിക്കപ്പെട്ടു. എന്നാൽ, 1-0ന്റെ ജയം നേടിയ കാസെമിറൊയുടെ ഗോളിന് അസിസ്റ്റ് ചെയ്തത് റോഡ്രിഗോ ആയിരുന്നു. ഇവർക്കൊപ്പം മറ്റൊരു റയൽ മാഡ്രിഡ് താരമായ ഏഡൻ മിലിറ്റാവോയും കാനറികളുടെ നെക്സ്റ്റ് ജനറേഷൻ എനർജിയാണ്.
ബ്രസീൽ x കാമറൂണ്, സെർബിയ x സ്വിറ്റ്സർലൻഡ് @ 12.30 am
നെയ്മറിന്റെ അഭാവത്തിൽ ബ്രസീലിന്റെ നെക്സ്റ്റ് ജനറേഷൻ ഇറങ്ങുന്ന രണ്ടാം മത്സരമാണ് ഇന്ന് കാമറൂണിനെതിരേ ലൂസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറുക. ജയിച്ചാൽ കാമറൂണിനു പ്രീക്വാർട്ടർ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കാമറൂണുകാർ വെറുതേ ഇരിക്കില്ല. സെർബിയയ്ക്കെതിരായ മത്സരത്തിൽ 3-3 സമനില നേടിയതിന്റെ ഹൈവോൾട്ടുമായാണു കാമറൂണ് ഇറങ്ങുക. പ്രീക്വാർട്ടറിൽ കടന്നതിന്റെ ലാഘവം ബ്രസീൽ ഇന്നു കാണിക്കുമോ എന്നതാണു കണ്ടറിയേണ്ടത്. കാരണം, ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് കഴിഞ്ഞദിവസം മുൻനിര താരങ്ങളെ ഉൾപ്പെടുത്താതെ ഇറങ്ങി ടുണീഷ്യയോടു തോറ്റിരുന്നു. ഫിഫ ലോകകപ്പിൽ കാമറൂണിനെ രണ്ടു തവണ നേരിട്ടപ്പോഴും ബ്രസീൽ വിജയിച്ചിരുന്നു, 1994ൽ 3-0നും 2014ൽ 4-1നും.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെർബിയയും സ്വിറ്റ്സർലൻഡും കൊന്പു കോർക്കും. ഗ്രൂപ്പിൽ മൂന്നു പോയിന്റുള്ള സ്വിറ്റ്സർലൻഡിനു സമനില നേടിയാലും പ്രീക്വാർട്ടർ സാധ്യതയുണ്ട്. 0 ആണ് സ്വിറ്റ്സർലൻഡിന്റെ ഗോൾ വ്യത്യാസം. കാമറൂണിന്റേത് -1ഉം സെർബിയയുടേത് -2ഉം ആണ്. 2018 ലോകകപ്പിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 90-ാം മിനിറ്റിൽ ഷാഖീരി നേടിയ ഗോളിൽ സ്വിറ്റ്സർലൻഡ് 2-1നു ജയിച്ചിരുന്നു.
പോർച്ചുഗൽ x ദ.കൊറിയ, ഘാന x ഉറുഗ്വെ, @ 8.30 pm
ഗ്രൂപ്പ് എച്ചിൽ മൂന്നാം ജയത്തിനായി പോർച്ചുഗൽ ഇന്ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ദക്ഷിണകൊറിയയ്ക്കെതിരേ. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള മുൻനിര താരങ്ങൾക്കു പോർച്ചുഗൽ വിശ്രമം നൽകുമോയെന്നു കണ്ടറിയണം.
ആദ്യ രണ്ടു മത്സരത്തിലും ജയം നേടിയ പോർച്ചുഗൽ ഇതിനോടകം പ്രീക്വാർട്ടർ ഉറപ്പിച്ചതാണ്. അതേസമയം, ജയം നേടിയാൽ ദക്ഷിണകൊറിയയ്ക്കു പ്രീക്വാർട്ടറിൽ പ്രവേശിക്കാം. 2002 ലോകകപ്പിലാണ് ഇരുടീമും ഇതിനു മുന്പ് ഏറ്റുമുട്ടിയത്. അന്ന് 1-0ന് ദക്ഷിണകൊറിയ ജയിച്ചിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഘാനയും ഉറുഗ്വെയും നേർക്കുനേർ ഇറങ്ങും. ഉറുഗ്വെയ്ക്ക് ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല. ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ 2-3നു ഘാന കീഴടക്കിയിരുന്നു.
സമനില നേടിയാലും ഘാനയ്ക്കു പ്രീക്വാർട്ടർ സാധ്യതയുണ്ട്. മൂന്നു പോയിന്റുള്ള ഘാനയുടെ ഗോൾവ്യത്യാസം 0 ആണ്. ദക്ഷിണ കൊറിയ (-1), ഉറുഗ്വെ (-2) എന്നിവരേക്കാൾ മുന്നിൽ. 2010 ആഫ്രിക്കൻ ലോകകപ്പ് ക്വാർട്ടറിലാണു ഘാനയും ഉറുഗ്വെയും ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയത്. അന്ന് 1-1 സമനിലയിക്കുശേഷമുള്ള ഷൂട്ടൗട്ടിൽ ഘാന പരാജയപ്പെട്ടിരുന്നു.