ടുണീഷ്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ
Sunday, November 27, 2022 12:39 AM IST
ദോഹ: ടുണീഷ്യക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തിൽ ഒരു ഗോളിന്റെ ജയത്തോടെ ഓസ്ട്രേലിയ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. 23-ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ മിച്ചൽ തോമസ് ഡ്യൂക്കാണ് ഓസ്ട്രേലിയയ്ക്കു വിജയം സമ്മാനിച്ചത്.
12 വർഷത്തിനുശേഷമുള്ള ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് വിജയമാണിത്. 2010 ലോകകപ്പിൽ സെർബിയക്കെതിരേയായിരുന്നു സോക്കറൂസിന്റെ അവസാന ലോകകപ്പ് ജയം.
ജയത്തോടെ, രണ്ടു കളിയിൽനിന്ന് മൂന്നു പോയിന്റുള്ള ഓസ്ട്രേലിയ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ഫ്രാൻസിനോട് ഒന്നിനെതിരേ നാലുഗോളിനു പരാജയപ്പെട്ടിരുന്നു.
ടുണീഷ്യക്ക് ഒരു പോയിന്റാണുള്ളത്. ആദ്യ മത്സരത്തിൽ ടുണിഷ്യ സമനില വഴങ്ങിയിരുന്നു. 30ന് നിലവിലെ ജേതാക്കളായ ഫ്രാൻസിനെതിരേയാണു ടുണീഷ്യയുടെ അടുത്ത മത്സരം. ഓസ്ട്രേലിയ അന്നുതന്നെ ഡെന്മാർക്കിനെ നേരിടും.
കുതിച്ച് കംഗാരുക്കൾ
ജൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കംമുതൽ ഓസ്ട്രേലിയയാണു മുന്നേറ്റത്തിൽ മികച്ചുനിന്നത്. എന്നാൽ, വിജയത്തിനായുള്ള സമ്മർദം കാരണമാകാം, പാസുകളും ഷോട്ടുകളും ലക്ഷ്യംതെറ്റി പറന്നു. ഇടയ്ക്കുവച്ച് ഡ്യൂക്ക് ലീഡ് നൽകിയതോടെ ഓസ്ട്രേലിയ കളിയിൽ നിയന്ത്രണംപിടിച്ചു.
മറുവശത്ത്, ഒരു ഗോളിനു പിന്നിലായതോടെ ടുണീഷ്യ ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ അകന്നുനിന്നു. കൗണ്ടർ അറ്റാക്കുകളിലാണ് ടുണീഷ്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനിടെ, 71-ാം മിനിറ്റിൽ ലീഡുയർത്താനുള്ള സുവർണാവസരം ഓസ്ട്രേലിയ നഷ്ടപ്പെടുത്തി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ ടുണീഷ്യ നിരന്തരം ആക്രമണം നടത്തിയെങ്കിലും എല്ലാം ഹാരി സൗട്ടർ നയിച്ച ഓസ്ട്രേലിയൻ പ്രതിരോധക്കോട്ടയിൽ തട്ടിത്തകർന്നു.
ഗോൾവഴി
മിച്ചല് തോമസ് ഡ്യൂക്ക് (23')
ഓസ്ട്രേലിയൻ ഗോളി മാറ്റ് റയാന്റെ നീളൻഷോട്ട് പിടിച്ചെടുത്ത് റിലി മക്ഗ്രീയുടെ ഓട്ടം. മക്ഗ്രീയിൽനിന്ന് പന്ത് ക്രെയ്ഗ് ഗുഡ്വിനിലേക്ക്. ഗുഡ്വിന്റെ ക്രോസിനൊത്ത ഹെഡ്ഡറിലൂടെ ഡ്യൂക്കിന്റെ തകർപ്പൻ ഫിനിഷിംഗ്. ടുണീഷ്യൻ ഗോളി എമൻ ഡാമെൻ വെറും കാഴ്ചക്കാരൻ. സ്കോർ: 1-0.