ഗ്രൂപ്പ് എയിൽ നെതർലൻഡ് ഇക്വഡോർ മത്സരം സമനിലയിൽ
Saturday, November 26, 2022 12:31 AM IST
ദോഹയിൽനിന്ന് ബിനോയ് ജോണ് മങ്കൊന്പ്
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിലെ കരുത്തരുടെ പോരാട്ടം സമനിലയിൽ. നെതർലൻഡ്സും ഇക്വഡോറും ഓരോ ഗോൾ വീതം അടിച്ച് ടൈ കെട്ടി. നെതർലൻഡ്സിന്റെ മുന്നേറ്റത്തോടെ ആരംഭിച്ച മത്സരത്തിൽ ആറാം മിനിറ്റിൽ ഗോൾ പിറന്നു. ആർത്തലച്ചെത്തിയ ഡച്ച് പടയ്ക്കു മുന്നിൽ ഇക്വഡോറിന്റെ പ്രതിരോധംപൊട്ടി.
ഡാവി ക്ലാസന്റെ റിഫ്ളെക്റ്റ് പാസ് സ്വീകരിച്ച കോഡി ഗാക്പൊയുടെ ഷോട്ട് വലയുടെ മേൽത്തട്ടിൽ പാഞ്ഞിറഞ്ഞി, 1-0ന് നെതർലൻഡ്സ് മുന്നിൽ. ഈ ലോകകപ്പിൽ കോഡി ഗാക്പോയുടെ രണ്ടാം ഗോൾ ആയിരുന്നു. ഇക്വഡോർ നീണ്ട 701 മിനിറ്റിനുശേഷം വഴങ്ങുന്ന ഗോളായിരുന്നു ഗാക്പോയിലൂടെ പിറന്നതെന്നതും മറ്റൊരു യാഥാർഥ്യം. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഇക്വഡോർ നെതർലൻഡ്സ് വലയിൽ പന്ത് എത്തിച്ചു.
കോർണർ കിക്കിനൊടുവിലായിരുന്നു പന്ത് വലകുലുക്കിയത്. എന്നാൽ, ഓഫ് സൈഡ് വിളിച്ച റഫറി ഗോൾ അനുവദിച്ചില്ല. 49-ാം മിനിറ്റിൽ ക്യാപ്റ്റൻ എന്നർ വലെൻസിയയിലൂടെ ഇക്വഡോർ ഒപ്പമെത്തി. പെർവിസ് എസ്റ്റുപിനാൻ ഗോളിലേക്ക് തൊടുത്ത ഷോട്ട് ആൻഡ്രീസ് നോപ്പെറ്റ് തടഞ്ഞു. എന്നാൽ, റീ ബൗണ്ട് കൃത്യമായി വലയിലെത്തിച്ച് വലെൻസിയ ഇക്വഡോറിനെ 1-1ൽ എത്തിച്ചു.