ഇനാകിയുടെ അമ്മയുടെ ഒരു കാര്യം
Friday, November 25, 2022 12:37 AM IST
എതിർ ടീം അംഗത്തിന്റെ ജഴ്സി വാങ്ങി വരണേ എന്നാവശ്യപ്പെടുന്ന ഏതെങ്കിലും അമ്മമാരുണ്ടോ...? ഇല്ലെന്നായിരിക്കും ആദ്യ മറുപടി. എന്നാൽ, എതിർ ടീമിൽ കളിക്കുന്നത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്സരവേദി ലോകകപ്പ് ഫുട്ബോളും ആണെങ്കിലോ...? ശങ്കിക്കേണ്ട, ജഴ്സി വാങ്ങിവരണേ എന്ന് പറഞ്ഞുപോകും...
അതെ, അത്തരമൊരു അനുഭവമാണ് ഘാന ടീമിലെ ഇനാകി വില്യംസ് എന്ന ഫോർവേഡിന് ഉണ്ടായിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ x ഘാന മത്സരത്തിനു മുന്പ് ഇനാകി വില്യംസിന്റെ അമ്മ മകനോട് ആവശ്യപ്പെട്ട ഒരു കാര്യം റൊണാൾഡോയുടെ ജഴ്സി വാങ്ങി വരണം എന്നതാണ്. സ്പെയ്നിലെ ബിൽബാവൊയിൽ ജനിച്ച ഇനാകി വില്യംസ് 2022 പകുതിയോടെയാണ് ഘാന ടീമിൽ ചേർന്നത്.
ഘാന വംശജനായ ഇനാകിയുടെ രാജ്യാന്തര അരങ്ങേറ്റം 2016ൽ സ്പെയിൻ ടീമിനൊപ്പമായിരുന്നു. എന്നാൽ, മുത്തച്ഛന്റെ ആവശ്യപ്രകാരമാണ് ഇനാകി ഖത്തർ ലോകകപ്പിൽ ഘാനയ്ക്കായി കളിക്കാൻ തീരുമാനിച്ചത്. 90 വയസ് കഴിഞ്ഞ മുത്തച്ഛന്റെ സ്വപ്നം തന്റെ കൊച്ചുമകൻ ഘാനയ്ക്കായി ലോകകപ്പ് കളിക്കുന്നത് കാണുക എന്നതായിരുന്നു.