ഏഷ്യൻ ലോകകപ്പ്!
Friday, November 25, 2022 12:37 AM IST
ഏഷ്യയിൽ ഫിഫ ലോകകപ്പ് നടക്കുന്നത് ഇത് രണ്ടാം തവണ. ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി 2002ലായിരുന്നു ഇതിനു മുന്പ് ലോകകപ്പ് ഫുട്ബോൾ ഏഷ്യയിൽ അരങ്ങേറിയത്. 2002ൽ ദക്ഷിണ കൊറിയ സെമി ഫൈനലിൽ പ്രവേശിച്ച് മിന്നും പ്രകടനം കാഴ്ചവച്ചു, ജപ്പാൻ പ്രീക്വാർട്ടറിലും കടന്നു.
വർഷങ്ങൾക്കുശേഷം ഏഷ്യ വീണ്ടും ലോകകപ്പ് വേദിയായപ്പോൾ ഏഷ്യൻ ടീമുകളുടെ മിന്നും പ്രകടനത്തിനാണ് ഫുട്ബോൾ ലോകം സാക്ഷ്യംവഹിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ചരിത്രത്തിലെതന്നെ രണ്ടു വന്പൻ അട്ടിമറി ഏഷ്യൻ രാജ്യങ്ങൾ നടത്തി.
ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ 2-1ന് അർജന്റീനയെ ഞെട്ടിച്ചതായിരുന്നു ആദ്യ അട്ടിമറി. പിറ്റേദിവസം ജപ്പാൻ 2-1ന് ജർമനിയെ അട്ടിമറിച്ചു. രണ്ട് ടീമിന്റെയും ജയം പെനൽറ്റി ഗോളിലൂടെ ആദ്യ പകുതിയിൽ പിന്നിട്ടുനിന്നശേഷം ആയിരുന്നു എന്നതും ശ്രദ്ധേയം. ഏഷ്യൻ ടീമിന്റെ മറ്റൊരു മിന്നും പ്രകടനം ഉറുഗ്വെയ്ക്ക് എതിരേ ദക്ഷിണ കൊറിയ നടത്തിയതായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ വന്പൻമാർ ഏഷ്യൻ ടീമുകൾക്കുമുന്നിൽ വിറയ്ക്കുന്നതാണ് ഖത്തറിൽ കണ്ടത്. കൃത്യമായ ഗെയിം പ്ലാനോടെ എതിരാളിയെ വീഴ്ത്തുന്നതാണ് ഏഷ്യൻ ടീം ഇതുവരെ ചെയ്തത്.
ആതിഥേയരായ ഖത്തറും ഇറാനും മാത്രമേ ഏഷ്യൻ രാജ്യങ്ങളിൽ നിരാശപ്പെടുത്തിയുള്ളൂ. ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിൽ ഖത്തർ 0-2ന് ഇക്വഡോറിനു പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിനോട് 6-2ന്റെ കനത്ത തോൽവിയായിരുന്നു ഇറാനു നേരിടേണ്ടിവന്നത്. ഇംഗ്ലണ്ടിന്റെ പ്രതാപശാലികൾക്ക് എതിരേ രണ്ട് ഗോൾ നേടാൻ സാധിച്ചു എന്നത് ഇറാന്റെ ആശ്വാസമാണ്.
കൃത്യമായ ഓഫ്സൈഡ് കെണിയൊരുക്കിയാണ് സൗദി അറേബ്യ ലയണൽ മെസിയുടെ അർജന്റീനയെ പൂട്ടിയത്. ആക്രമണ ഫുട്ബോൾ തന്ത്രങ്ങളുമായി എത്തിയ ജർമനിയെ ഒന്നാന്തരം പ്രതിരോധക്കോട്ടകെട്ടി ജപ്പാനും വീഴ്ത്തി. ഉറുഗ്വെയ്ക്ക് എതിരേ ഏറ്റവും ആകർഷകമായത് ദക്ഷിണ കൊറിയയുടെ കൗണ്ടർ അറ്റാക്കായിരുന്നു.