ഫ്രാൻസിന് ആശ്വാസം
Saturday, September 24, 2022 12:49 AM IST
പാരീസ്/സാഗ്രെബ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഹെവി വെയ്റ്റ് ടീമുകളായ ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, നെതർലൻഡ്സ് എന്നിവയ്ക്ക് ജയം. ലീഗ് എ ഗ്രൂപ്പ് ഒന്നിൽ ഫ്രാൻസിന്റെ ആദ്യജയമാണ്. ഈ ജയത്തോടെ ലീഗ് ബിയിലേക്കുള്ള തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് തത്്കാലം കരകയറാൻ ഫ്രഞ്ച് ടീമിനു സാധിച്ചു. ഹോം മത്സരത്തിൽ ഫ്രാൻസ് 2-0ന് ഓസ്ട്രിയയെ കീഴടക്കി. സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെ (56’), ഒലിവിയെ ജിറൂ (65’) എന്നിവരാണ് ഫ്രഞ്ച് ജയമൊരുക്കിയത്.
ഗ്രൂപ്പ് ഒന്നിലെ മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ 2-1ന് ഡെന്മാർക്കിനെ മറികടന്നു. ഡെന്മാർക്കിന്റെ ആശ്വാസഗോൾ ക്രിസ്റ്റ്യൻ എറിക്സണ് ആണ് നേടിയത്. 2022ൽ എറിക്സണിന്റെ മൂന്നാം രാജ്യാന്തര ഗോളാണ്. ബോർന സൊസ (49’), ലൗറൊ മയെർ (79’) എന്നിവരുടെ വകയായിരുന്നു ക്രൊയേഷ്യയുടെ ഗോൾ. ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ ക്രൊയേഷ്യ 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. ഒന്പത് പോയിന്റുമായി ഡെന്മാർക്ക് തൊട്ടുപിന്നിലുണ്ട്. ഫ്രാൻസ് (5), ഓസ്ട്രിയ (4) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ ഫ്രാൻസിന്റെ എതിരാളി ഡെന്മാർക്കും ക്രൊയേഷ്യയുടേത് ഓസ്ട്രിയയുമാണ്. ലീഗ് എയിലെ ഗ്രൂപ്പ് ചാന്പ്യന്മാർ സെമിയിൽ പ്രവേശിക്കും. അവസാന സ്ഥാനക്കാർ ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെടും.
ലീഗ് എ ഗ്രൂപ്പ് നാലിൽ ബെൽജിയം 2-1ന് വെയ്ൽസിനെയും നെതർലൻഡ്സ് 2-0ന് പോളണ്ടിനെയും കീഴടക്കി. ബെൽജിയത്തിനായി കെവിൻ ഡി ബ്രൂയിൻ (10’), ബാറ്റ്ഷൂയി (37’) എന്നിവർ ഗോൾ നേടി. ഹോളണ്ടിന്റെ ജയമൊരുക്കിയത് ഗാക്പൊ (13’), ബെർജ്വിൻ (60’) എന്നിവരായിരുന്നു. അഞ്ച് മത്സരം പൂർത്തിയായപ്പോൾ നെതർലൻഡ് 13 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 10 പോയിന്റുമായി ബെൽജിയം രണ്ടാമതാണ്. ഇതോടെ ഇന്ത്യൻ സമയം ഞായർ രാത്രി നടക്കുന്ന ബെൽജിയം x നെതർലൻഡ് മത്സരം ഗ്രൂപ്പ് ചാന്പ്യന്മാരെ നിർണയിക്കും.