കേരള ബ്ലാസ്റ്റേഴ്സ് യുഎഇ ടൂറിന്
Thursday, August 18, 2022 12:28 AM IST
ഫിഫയുടെ വിലക്കിനിടയിലും ഐഎസ്എല്ലിൽ കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യുഎഇ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു. ഫിഫയുടെ വിലക്കുള്ളതിനാൽ യുഎഇയിൽ എത്തി മുൻനിശ്ചയിച്ച മൂന്ന് സന്നാഹ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാൻ സാധിക്കുമോ എന്ന ആശങ്ക ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.
എഐഎഫ്എഫിനെ (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) വിലക്കിയെന്നും അതുകൊണ്ട് എഐഎഫ്എഫുമായും അതിനു കീഴിലുള്ള ക്ലബ്ബുകളുമായും ഒരു സ്പോർട്ടിംഗ് കോണ്ടാക്റ്റും പാടില്ലെന്നും ഫിഫയുടെ കുറിപ്പ് മറ്റ് അസോസിയേഷനുകൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റ് 20, 25, 28 തീയതികളിൽ അൽ നസർ, ഡിബ്ബ അൽ ഫുജയ്റ, ഹത്ത എന്നീ യുഎഇ ക്ലബ്ബുകൾക്ക് എതിരേയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രീ സീസണ് സന്നാഹം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
മുൻനിര ടീമിനെതന്നെയാണ് യുഎഇ ടൂറിന് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോൾ നടക്കുന്ന 2022 ഡ്യൂറന്റ് കപ്പിൽ യുവ സംഘമാണ് ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കുന്നത്. നാളെ സുദേവ ഡൽഹി എഫ്സിക്ക് എതിരേയാണ് ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.