യുഎസ് ഓപ്പണിന് നൊവാക് ജോക്കോവിച്ച് ഇല്ല
Sunday, August 14, 2022 12:18 AM IST
ന്യൂയോർക്ക്: 2022 വിംബിൾഡണ് ടെന്നീസ് ചാന്പ്യനും മുൻ ലോക ഒന്നാം നന്പറുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഇത്തവണത്തെ യുഎസ് ഓപ്പണിൽ ഉണ്ടാകില്ലെന്നു സൂചന.
ഇതിനെ സാധൂകരിച്ച് യുഎസ് ഓപ്പണിന്റെ കർട്ടൻ റെയ്സറായ സിൻസിനാറ്റി ഓപ്പണിൽ നിന്ന് ജോക്കോവിച്ച് പിന്മാറി. നാളെ ആരംഭിക്കുന്ന സിൻസിനാറ്റി ഓപ്പണിൽ നിന്ന് ജോക്കോവിച്ച് പിന്മാറിയതോടെ ഈ മാസം 29ന് ആരംഭിക്കാനിരിക്കുന്ന യുഎസ് ഓപ്പണിലും താരം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്തതാണ് ജോക്കോവിച്ചിന്റെ സിൻസിനാറ്റി ഓപ്പണ് പിന്മാറ്റത്തിന്റെ കാരണം. കോവിഡ് വാക്സിൻ എടുക്കാത്ത വിദേശികൾക്ക് അമേരിക്കയിലേക്കും കാനഡയിലേക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സഞ്ചാര നിയന്ത്രണം ഉള്ളതിനാലാണ് ജോക്കോവിച്ച് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതെന്ന് സിൻസിനാറ്റി അധികൃതർ അറിയിച്ചു.
വാക്സിൻ നിയമത്തിൽ അമേരിക്ക മാറ്റം വരുത്തുകയോ ജോക്കോവിച്ച് വാക്സിൻ എടുക്കുകയോ ചെയ്താൽ മാത്രമേ യുഎസ് ഓപ്പണിൽ സെർബിയൻ താരം ഉണ്ടാകൂ.
വാക്സിൻ എടുക്കാത്തതിന്റെ പേരിൽ 2022 സീസണിലെ ആദ്യ ഗ്രാൻസ്ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ അനുവദിക്കാതെ ജോക്കോവിച്ചിനെ മടക്കി അയച്ചിരുന്നു. എത്ര ടൂർണമെന്റുകൾ നഷ്ടപ്പെട്ടാലും വാക്സിൻ എടുക്കില്ല എന്ന നിലപാടാണ് ജോക്കോവിച്ച് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന.
2022 വിംബിൾഡണ് നേട്ടത്തോടെ കരിയറിൽ 21 ഗ്രാൻസ്ലാം കിരീടങ്ങൾ ജോക്കോവിച്ച് തികച്ചു. 22 കിരീടങ്ങളുള്ള സ്പെയിനിന്റെ റാഫേൽ നദാൽ ആണ് ഗ്രാൻസ്ലാം നേട്ടങ്ങളുടെ കണക്കിൽ ജോക്കോവിച്ച് മുന്നിലുള്ള ഏക താരം. സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ആണ് (20) ഗ്രാൻസ്ലാം നേട്ടത്തിൽ മൂന്നാം സ്ഥാനത്ത്.