ദക്ഷിണാഫ്രിക്കയ്ക്ക് 31 റൺസ് ജയം
Thursday, January 20, 2022 12:22 AM IST
പാറൽ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പര 2-1നു പരാജയപ്പെട്ടതിന്റെ കണക്ക് തീർക്കാനിറങ്ങിയ ഇന്ത്യക്ക് ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ തോൽവി. ദക്ഷിണാഫ്രിക്ക 31 റൺസിനു ജയിച്ചു. സ്കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ 296/4. ഇന്ത്യ 50 ഓവറിൽ 265/8.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായിരുന്നു. 17.4 ഓവറിൽ 68 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് ആതിഥേയർക്ക് നഷ്ടപ്പെട്ടു. എന്നാൽ, ക്യാപ്റ്റൻ തെംബ ബൗമയും (143 പന്തിൽ 110) അഞ്ചാം നന്പർ ബാറ്ററായെത്തിയ റസി വാൻഡർ ഡസനും (96 പന്തിൽ 129 നോട്ടൗട്ട്) ചേർന്ന് നാലാം വിക്കറ്റിൽ 204 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു.
നാല് സിക്സും ഒന്‍പത് ഫോറും അടക്കം 134.38 സ്ട്രൈക്ക് റേറ്റിലായിരുന്നു വാൻഡർ ഡസന്റെ ആക്രമണ ബാറ്റിംഗ്. വാൻഡർ ഡസനാണ് മാൻ ഓഫ് ദ മാച്ച്. ഇന്ത്യക്കെതിരേ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് ബൗമ - ഡസൻ നേടിയത്. ഹേർഷൽ ഗിബ്സ് - ഗാരി ക്രിസ്റ്റണ്‍ കൂട്ടുകെട്ട് 2000ൽ കൊച്ചിയിൽവച്ച് 235 റണ്‍സ് നേടിയതാണ് റിക്കാർഡ്.
സച്ചിനെ മറികടന്ന് കോഹ്ലി
ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുണ്ടായിരുന്ന ഒരു റിക്കാർഡ്കൂടി വിരാട് കോഹ്ലി തന്റെ അക്കൗണ്ടിലേക്ക് മാറ്റി. എവേ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് എന്ന റിക്കാർഡിലാണ് 5065 റണ്‍സ് ഉണ്ടായിരുന്ന സച്ചിനെ കോഹ്ലി മറികടന്നത്. തന്റെ 104-ാം ഇന്നിംഗ്സിലാണ് കോഹ്ലിയുടെ നേട്ടം.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ 63 പന്തിൽ 51 റണ്‍സ് നേടിയ ഇന്നിംഗ്സിലൂടെയാണ് കോഹ്ലി റിക്കാർഡ് ബുക്കിൽ കടന്നത്.
ധവാൻ, ഷാർദുൾ മാത്രം
297 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് സ്കോർ 46ൽ നിൽക്കുന്പോൾ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ (17 പന്തിൽ 12) നഷ്ടപ്പെട്ടു. എന്നാൽ, ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ ശിഖർ ധവാൻ (84 പന്തിൽ 79) അർധ സെഞ്ചുറി നേടി.
ധവാനും കോഹ്ലിക്കും ശേഷം ഷാർദുൾ ഠാക്കൂർ (43 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 50 നോട്ടൗട്ട്) മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ തിളങ്ങിയത്.
ഋഷഭ് പന്ത് (16), ശ്രേയസ് അയ്യർ (17), വെങ്കിടേഷ് അയ്യർ (2) എന്നിവർ നിരാശപ്പെടുത്തി.