ലിവർപൂൾ മാഡ്രിഡിൽ
Tuesday, October 19, 2021 12:02 AM IST
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിലെ മൂന്നാം ഘട്ട ഗ്രൂപ്പ് മത്സരങ്ങൾ ഇന്നാരംഭിക്കും. സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോയെ നേരിടാൻ ഇംഗ്ലീഷ് ഗ്ലാമർ ടീമായ ലിവർപൂൾ മാഡ്രിഡിലെത്തി. ഇപിഎലിലും ചാന്പ്യൻസ് ലീഗിലും തോൽവി അറിയാതെ മുന്നേറുന്ന ലിവർപൂൾ ജയം തുടരാനാണ് ഇറങ്ങുന്നത്.
ഗ്രൂപ്പിൽ രണ്ടു തോൽവി നേരിട്ട എസി മിലാൻ പോർട്ടോയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയിൽ റയൽ മാഡ്രിഡ് വിജയവഴിയിൽ തിരിച്ചെത്താൻ ഷാക്തർ ഡൊണറ്റ്സ്കിനെതിരേ എവേ മത്സരത്തിന് ഇറങ്ങുന്നുണ്ട്.
കഴിഞ്ഞ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു തവണയും ഷാക്തറിനോടു റയൽ തോറ്റിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഷെരീഫിനോടു തോറ്റിരുന്നു. ഗ്രൂപ്പിൽ ആദ്യ ജയം തേടി ഇന്റർമിലാൻ രണ്ടു ജയവുമായി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ഷെരീഫിനെ നേരിടും.
ഗ്രൂപ്പ് എയിൽ പാരി സാൻ ഷെർമയിൻ ഇതുവരെ ജയം നേടാത്ത ലൈപ്സിഗുമായി ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തിൽ ശക്തരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണു മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയവർ അണിനിരക്കുന്ന പിഎസ്ജി ഇറങ്ങുന്നത്.
ജയത്തിലേക്കു തിരിച്ചുവരാൻ മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ ക്ലബ് ബ്രൂഗിയെ നേരിടും. ഗ്രൂപ്പ് സിയിൽ അയാക്സിന്റെ തട്ടകത്തിൽ ബൊറൂസിയ ഡോർട്മുണ്ട് ഇറങ്ങുന്നുണ്ട്.