ഡെന്മാർക്കിനു ഖത്തർ ലോകകപ്പ് യോഗ്യത
Thursday, October 14, 2021 12:07 AM IST
കോപ്പൻഹേഗൻ (ഡെന്മാർക്ക്): 2022 ഖത്തർ ലോകകപ്പിനു യോഗ്യതാ റൗണ്ടിലൂടെ ടിക്കറ്റ് കരസ്ഥമാക്കുന്ന രണ്ടാമത്തെ ടീമായി ഡെന്മാർക്ക്. ജർമനി മാത്രമാണു യോഗ്യതാ റൗണ്ട് കടന്ന് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്.
യുവേഫ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എഫ് ചാന്പ്യന്മാരായി ഡൈനാമൈറ്റ് എന്നറിയപ്പെടുന്ന ഡാനിഷ് ടീം ഖത്തറിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തു. ഹോം മത്സരത്തിൽ 1-0ന് ഓസ്ട്രിയയെ കീഴടക്കിയതോടെയാണു ഡെന്മാർക്ക് യോഗ്യത ഉറപ്പിച്ചത്.
എട്ട് മത്സരങ്ങളിൽ എട്ടിലും ജയിച്ച് 24 പോയിന്റ് ഡെന്മാർക്ക് സ്വന്തമാക്കി. 27 ഗോളടിച്ചു, ഒരു ഗോൾ പോലും വഴങ്ങിയില്ല!
ഇംഗ്ലണ്ടിനു സമനില
ഗ്രൂപ്പ് ഐയിൽ ഇംഗ്ലണ്ട് 1-1ന് ഹംഗറിയുമായി സമനില വഴങ്ങി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജോണ് സ്റ്റോണ്സ് (37’) ആണ് ഒരു ഗോളിനു പിന്നിലായിരുന്ന ഇംഗ്ലണ്ടിനു സമനില സമ്മാനിച്ചത്. പോളണ്ട് 1-0ന് അൽബേനിയയെ കീഴടക്കി. ഇംഗ്ലണ്ട് 20ഉം പോളണ്ട് 17ഉം പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.
സ്വീഡൻ, സ്വിസ്...
ഗ്രൂപ്പ് ബിയിൽ സ്വീഡൻ ഹോം മത്സരത്തിൽ 2-0ന് ഗ്രീസിനെ പരാജയപ്പെടുത്തി. 15 പോയിന്റുമായി സ്വീഡൻ ഗ്രൂപ്പിൽ ഒന്നാമതെത്തി. 13 പോയിന്റുള്ള സ്പെയിൻ രണ്ടാമതായി. സ്പെയിന്റെ യോഗ്യതയ്ക്കു സ്വീഡന്റെ വെല്ലുവിളിയാണു ഗ്രൂപ്പിനെ ആകർഷകമാക്കുന്നത്.
ഗ്രൂപ്പ് സിയിൽ സ്വിറ്റ്സർലൻഡ് 4-0ന് ലിത്വാനിയയെ കീഴടക്കി. ഇതോടെ ആറ് മത്സരങ്ങളിൽനിന്ന് സ്വിസ് ടീമിന് 14 പോയിന്റായി. ഇത്രയും പോയിന്റുമായി ഇറ്റലിയാണു ഗ്രൂപ്പിൽ ഒന്നാമത്.