ഇരട്ട ഗോൾഡൻ സ്ലാം
Monday, September 13, 2021 11:33 PM IST
വീൽചെയർ ടെന്നീസിൽ ഗോൾഡൻ സ്ലാം എന്ന അപൂർവ നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയയുടെ പുരുഷ താരം ഡൈലാൻ അൽകോട്ടും ഹോളണ്ടിന്റെ വനിതാ താരം ഡിയേഡി ഡി ഗ്രൂട്ടും.
യുഎസ് ഓപ്പണ്‍ ഓപ്പണ്‍ വീൽ ചെയർ വ്യക്തിഗത വിഭാഗത്തിൽ കിരീടം നേടിയതോടെയാണിത്. ഇതാദ്യമായാണ് വീൽചെയർ ടെന്നീസിൽ ഗോൾഡൻ സ്ലാം നേട്ടം താരങ്ങൾ സ്വന്തമാക്കുന്നത്.
ഇരു താരങ്ങളും ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിൾഡണ്‍, ടോക്കിയോ പാരാലിന്പിക്സ് സ്വർണം എന്നിവ സ്വന്തമാക്കിയിരുന്നു.
ടെന്നീസിലെ നാല് ഗ്രാൻസ്ലാം കിരീടങ്ങളും ഒളിന്പിക് സ്വർണവും ഒരേ വർഷത്തിൽ സ്വന്തമാക്കുന്നതിനെയാണ് ഗോൾഡൻ സ്ലാം എന്ന് വിശേഷിപ്പിക്കുന്നത്. ജർമനിയുടെ ഇതിഹാസ വനിതാതാരം സ്റ്റെഫി ഗ്രാഫ് മാത്രമാണ് ടെന്നീസ് ചരിത്രത്തിൽ ഗോൾഡൻ സ്ലാം(1988ൽ) സ്വന്തമാക്കിയിട്ടുള്ളത്.