കെകെആറിന്റെ സ്പിൻ പവർ പ്ലെ
Wednesday, April 14, 2021 12:34 AM IST
ഇ ന്നിംഗ്സിലെ ആദ്യ പവർ പ്ലേയിലെ അഞ്ച് ഓവറും സ്പിന്നർമാരെക്കൊണ്ട് എറിയിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ പരീക്ഷണം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കെകെആറിന്റെ ആദ്യ അഞ്ച് ഓവർ എറിഞ്ഞത് സ്പിന്നർമാരായ ഹർഭജൻ സിംഗ്, വരുണ്‍ ചക്രവർത്തി, ഷക്കീബ് അൽ ഹസൻ എന്നിവർ.
അഞ്ച് ഓവറിൽ 37 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കി വരുണ്‍ ചക്രവർത്തി കെകെആറിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.
ഐപിഎൽ ചരിത്രത്തിൽ സമാനമായ സംഭവം ഒരു തവണ അരങ്ങേറിയിട്ടുണ്ട്. 2014ൽ ചെന്നൈ സൂപ്പർ കിംഗ്സ് പവർ പ്ലേയിലെ ആറ് ഓവറും സ്പിന്നർമാരെക്കൊണ്ട് എറിയിച്ചു. കെകെആറിനെതിരായ മത്സരത്തിലായിരുന്നു അത്. ഇന്നിംഗ്സിലെ ആദ്യത്തെ നാല് ഓവർ സ്പിന്നർമാർ എറിഞ്ഞ ചരിത്രം ഐപിഎലിൽ നാലു തവണ ഉണ്ടായിട്ടുണ്ട്. രണ്ടു സ്പിന്നർമാർ ന്യൂ ബോൾ ആക്രമണം നടത്തുന്നത് ഐപിഎലിൽ 17-ാം തവണയാണ്.