യുണൈറ്റഡ് x എസി മിലാൻ
Saturday, February 27, 2021 12:40 AM IST
ലണ്ടൻ/മിലാൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ലൈനപ്പായി. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡും ഇറ്റാലിയൻ വന്പന്മാരായ എസി മിലാനും തമ്മിലാണു പ്രീക്വാർട്ടറിൽ ഗ്ലാമർ പോരാട്ടം. ആഴ്സണൽ, ടോട്ടനം, നാപ്പോളി, എഎസ് റോമ, അയാക്സ്, റെയ്ഞ്ചേഴ്സ്, ഷാക്തർ, വിയ്യാറയൽ, ലെവർകൂസൻ, ബ്രൂഗി, ലെസ്റ്റർ സിറ്റി തുടങ്ങിയവയും അവസാന 16ൽ ഇടംപിടിച്ചു.
സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിനെ ഇരു പാദങ്ങളിലുമായി 4-0നു കീഴടക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ഓൾഡ് ട്രാഫോഡിൽ നടന്ന രണ്ടാം പാദത്തിൽ ഗോൾരഹിത സമനിലയായിരുന്നു ഫലം.
ഇറ്റാലിയൻ കരുത്തരായ എസി മിലാൻ എവേ ഗോളിന്റെ ബലത്തിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ മറികടന്നു. ആഴ്സണൽ ഇരുപാദങ്ങളിലുമായി 4-3ന് ബെൻഫിക്കയെ കീഴടക്കി. ഗ്രനാഡയെ ഇരു പാദങ്ങളിലുമായി 3-2നു മറികടന്നായിരുന്നു നാപ്പോളിയുടെ പ്രീക്വാർട്ടർ പ്രവേശം.