സമനില ദിനം
Monday, January 25, 2021 12:20 AM IST
പനാജി: ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളും സമനിലയിൽ. ആദ്യ മത്സരത്തിൽ ജംഷഡ്പുർ എഫ്സിയും ഹൈദരാബാദ് എഫ്സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ്സിയും ഒഡീഷ എഫ്സിയും ഓരോ ഗോൾ വീതം നേടി പോയിന്റ് പങ്കുവച്ചു.
എട്ടാം മിനിറ്റിൽ ഡിയേഗോ മൗറീഷ്യോയിലൂടെ ഒഡീഷയായിരുന്നു ലീഡ് എടുത്തത്. എന്നാൽ, 82-ാം മിനിറ്റിൽ എറിക് പാർട്ടാലു ബംഗളൂരുവിന് സമനില സമ്മാനിച്ചു. ലീഗിൽ 13 മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്ത് തുടരുന്നു. 14 പോയിന്റ് വീതമുള്ള ബംഗളൂരു, ജംഷഡ്പുർ എന്നിവ ഏഴും എട്ടും സ്ഥാനങ്ങളിലുണ്ട്. ഒഡീഷ എട്ട് പോയിന്റുമായി 11-ാമതാണ്.