ഡാക്കർ റാലിയിൽ മലയാളിക്കുതിപ്പ്
Monday, January 18, 2021 12:31 AM IST
അപകടങ്ങൾ കൂടുതലാണെങ്കിലും അതിസാഹസികർക്കു പ്രിയമായ ഡാക്കർ ബൈക്ക് റാലിയിൽ മലയാളിത്തിളക്കം. ഷൊർണൂർ സ്വദേശി ഹാരിത് നോഹയാണു (26)ഡാക്കർ റാലിയിൽ ഇരുപതാം സ്ഥാനത്തു ഫിനിഷ് ചെയ്ത് അഭിമാന നേട്ടം സ്വന്തമാക്കിയത്. ആകെ 12 ഘട്ടങ്ങളിലായി സൗദി അറേബ്യയിലാണ് 2021 ഡാക്കർ റാലി നടന്നത്. ഷെർക്കോ ടിവിഎസ് ഫാക്ടറി ടീമിനായി 450 ആർടിആർ ബൈക്കിലാണു ഹാരിത് മത്സരിച്ചത്. ഡാക്കർ റാലിയിലെ ഒരു ഇന്ത്യൻ റൈഡറുടെ എക്കാലത്തെയും ഏറ്റവും മികച്ച നേട്ടമാണിത്. സി.എസ്. സന്തോഷിനും കെ.പി. അരവിന്ദിനും ശേഷം ഡാക്കറിൽ മത്സരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഹാരിത്.
മോണ്‍സ്റ്റർ എനർജി ഹോണ്ട ടീമിന്റെ അർജന്റൈൻ താരം കെവിൻ ബെനവിഡെസാണു ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
കാർ, ബൈക്ക്, ട്രക്ക് തുടങ്ങി ഏഴു വിഭാഗങ്ങളിലായാണു ഡാക്കർ മത്സരങ്ങളുള്ളത്. ജനുവരി മൂന്നു മുതൽ തുടർച്ചയായ 14 ദിവസങ്ങളിലായാണു മത്സരങ്ങൾ നടന്നത്. അപകടങ്ങൾക്കും മരണങ്ങൾക്കും പേരുകേട്ട സീസണാണ് 2021 ൽ കടന്നുപോയത്. ഫ്രഞ്ച് താരം പിയറി ഹെർപ്പിൻ മരിക്കുകയും റാലിയിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യമായ സി.എസ്. സന്തോഷ് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിലായിരുന്നു. റാലിയുടെ നാലാം ഘട്ടത്തിൽ സംഭവിച്ച അപകടത്തെത്തുടർന്ന് മത്സരം അവസാനിപ്പിക്കുകയും പിന്നീട് ബോധം വീണ്ടെടുക്കുകയും ചെയ്ത സന്തോഷിനെ റിയാദിൽനിന്ന് ബംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
വിമൽ പെരുവനം