ഇപിഎലിനു കാണികളെത്തും
Tuesday, November 24, 2020 11:15 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ഗാലറിയിലേക്കു വൈകാതെ കാണികളെത്തും. ഡിസംബർ രണ്ടിന് ദേശീയ ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതോടെയാണിത്. കോവിഡ് രോഗവ്യാപന സാധ്യത ഏറ്റവും കുറവുള്ളിടങ്ങളിൽ (മീഡിയം അലേർട്ട് മേഖല) 4,000 കാണികളെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കാനാണു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനം താരതമ്യേന കൂടുതലുള്ള (ഹൈ അലേർട്ട്) പ്രദേശങ്ങളിൽ 2,000 കാണികൾക്കാണു പ്രവേശനം. അതേസമയം, അതീവ ജാഗ്രതാ മേഖലയിൽ പ്രവേശനാനുമതി ഇല്ല.
യൂറോപ്പിൽ ഫ്രാൻസ്, ജർമനി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ഇതിനോടകം കാണികൾക്കു പരിമിതമായി പ്രവേശനം നൽകിയിരുന്നു.