സൂപ്പർ ലോക്കി ജയം ലോക്ക്ഡ്
Monday, October 19, 2020 12:58 AM IST
അബുദാബി: സൂപ്പർ ഓവറിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ചിരിച്ചത് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദ് സണ്‍റൈസേഴ്സിനെ സൂപ്പർ ഓവറിൽ കീഴടക്കിയ കെകെആർ പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിലനിർത്തി. തീതുപ്പുന്ന പന്തുകളുമായി കളം നിറഞ്ഞ ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസണിന്റെ മികവിലാണു കോൽക്കത്ത ജയം സ്വന്തമാക്കിയത്. സൂപ്പർ ഓവറിൽ രണ്ട് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നിശ്ചിത ഓവർ പോരാട്ടത്തിൽ നാല് ഓവറിൽ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കിയ ഫോർഗൂസണ് ആണു കളിയിലെ താരമായത്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് വെറും രണ്ട് റണ്‍സ് മാത്രമാണെടുത്തത്. സൂപ്പർ ഓവറിലെ ആദ്യ പന്തിൽ വാർണറെ ക്ലീൻ ബൗൾഡ് ആക്കിയ ഫെർഗൂസൻ മൂന്നാം പന്തിൽ സമദിന്റെ വിക്കറ്റും പിഴുതു. മൂന്നു റണ്‍സ് എന്ന നിസാര ലക്ഷ്യം പിന്തുടർന്ന കെകെആർ നാലാം പന്തിൽ ജയം നേടി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കോൽക്കത്ത 163 റണ്‍സ് നേടിയപ്പോൾ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 163ൽ എത്തിയതോടെയാണു മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.
പതിവിനു വിപരീതമായി ജോണി ബെയർസ്റ്റൊയ്ക്കൊപ്പം (36 റണ്‍സ്) കെയ്ൻ വില്യംസണ് (29) ആയിരുന്നു ഹൈദരാബാദിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. സ്ഥിരം ഓപ്പണറായ ഡേവിഡ് വാർണർ നാലാമനായി ഇറങ്ങി 33 പന്തിൽ 47 റണ്‍സുമായി പുറത്താകാതെനിന്ന് ടോപ് സ്കോററായി. അവസാന ഓവറിൽ ജയിക്കാൻ 18 റണ്‍സായിരുന്നു സണ്‍റൈസേഴ്സിന് വേണ്ടിയിരുന്നത്. ആന്ദ്രെ റസൽ എറിഞ്ഞ അവസാന ഓവറിൽ 17 റണ്‍സ് കണ്ടെത്തി വാർണർ മത്സരം സമനിലയിലാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയ്ക്കു വേണ്ടി ശുഭ്മാൻ ഗിൽ (36), രാഹുൽ ത്രിപാഠി (23), നിതീഷ് റാണ (29), ഓയിൻ മോർഗൻ (34), ദിനേശ് കാർത്തിക് (29 നോട്ടൗട്ട്) എന്നിവർ തിളങ്ങി. സണ്‍റൈസേഴ്സിനു വേണ്ടി മലയാളി പേസർ ബേസിൽ തന്പി നാല് ഓവറിൽ 46 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
5,000 വാർണർ @
ഐപിഎലിൽ 5000 റണ്‍സ് എന്ന നാഴികക്കല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഡേവിഡ് വാർണർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ താരമെന്ന റിക്കാർഡും ഈ ഓസീസ് ഓപ്പണർ സ്വന്തമാക്കി.