ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നീട്ടി
Thursday, August 13, 2020 12:19 AM IST
മുംബൈ/പാരീസ്: 2022 ഖത്തർ ലോകകപ്പിന്റെയും 2023 ഏഷ്യൻ കപ്പ് ഫുട്ബോളിന്റെയും യോഗ്യതാ മത്സരങ്ങൾ കോവിഡ്-19 രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ വർഷം നടത്തേണ്ടെന്ന് തീരുമാനിച്ചു. 2021ലേക്ക് മാറ്റിവയ്ക്കാൻ ഫിഫയും ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷനും സംയുക്തമായി തീരുമാനിച്ചു. താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണിത്.
ഇതോടെ ഈ വർഷം ഇന്ത്യക്കും മത്സരങ്ങൾ ഉണ്ടാകില്ല. മാറ്റിവച്ച എല്ലാ മത്സരങ്ങളും 2021ലേക്ക് പുനഃക്രമീകരിക്കും. ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് മാറ്റിയത്.
ഖത്തറിനെതിരെ ഒക്ടോബറിലും അഫ്ഗാൻ, ബംഗ്ലാദേശ് എന്നിവയ്ക്കെതിരേ നവംബറിലും ഇന്ത്യക്ക് മത്സരങ്ങളുണ്ടായിരുന്നു.
ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ഇയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഖത്തറും (13) ഒമാനുമാണ് (12) ആദ്യ രണ്ട് സ്ഥാനങ്ങളിൽ.