മഴ, കളി...
Thursday, July 9, 2020 12:33 AM IST
സതാംപ്ടണ്: കൊറോണ വൈറസ് ലോക്ക് ഡൗണിന്റെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റ് തിരിച്ചെത്തിയപ്പോൾ രസംകൊല്ലിയായി മഴ. ഇംഗ്ലണ്ട് x വെസ്റ്റ് ഇൻഡീസ് മൂന്ന് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ മണിക്കൂറുകൾ മഴയെത്തുടർന്ന് മുടങ്ങി. നിശ്ചയിച്ച സമയത്ത് ടോസ് ചെയ്യാൻ പോലും സാധിച്ചില്ല. ഒടുവിൽ ഇന്ത്യൻ സമയം രാത്രി 8.29ന് മത്സരം ആരംഭിച്ചു.
ടോസ് ജയിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം സെഷൻ അവസാനിച്ചപ്പോൾ 17.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

കൊറോണക്കാലത്തെ ക്രിക്കറ്റിൽ ആദ്യ പന്ത് എറിഞ്ഞത് വിൻഡീസ് പേസർ അൽസാരി ജോസഫ്, ആ പന്ത് നേരിട്ടത് ഇംഗ്ലണ്ടിന്റെ ഓപ്പണർ റോറി ജോസഫ് ബേണ്‍സും. എന്നാൽ, ആദ്യ വിക്കറ്റ് വീഴ്ത്തിയത് ഷാനോണ്‍ ഗബ്രിയേലാണ്. ഡോം സിബ്ലിയെ ബൗൾഡാക്കുകയായിരുന്നു. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രതിഷേധത്തിനു പിന്തുണയായി മൈതാനത്ത് ഒരു കാൽമുട്ട് കുത്തി ഒരു നിമിഷം നിന്നശേഷമാണ് മത്സരം ആരംഭിച്ചത്.