കൊറോണ: ആറു രാജ്യങ്ങള്‍ ഷൂട്ടിംഗ് ലോകകപ്പിനില്ല
Thursday, February 27, 2020 12:11 AM IST
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ കൂടുതലായി ബാധിച്ച ആറു രാജ്യങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍നിന്നു പിന്മാറി. ഇതില്‍ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയും ഉള്‍പ്പെടുന്നുണ്ട്. അടുത്തമാസം 15 മുതല്‍ 26 വരെയാണ് ഐഎസ്എസ്എഫ് ലോകകപ്പ് നടക്കുന്നത്. ആറു രാജ്യങ്ങള്‍ പിന്മാറിയ കാര്യം നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) ആണ് അറിയിച്ചത്.
രോഗം പടര്‍ന്ന സാഹചര്യത്തില്‍ ആ രാജ്യങ്ങളുടെ തീരുമാനമനുസരിച്ചാണ് അവിടെനിന്നുള്ള അത്ലറ്റുകള് ലോകകപ്പില്‍ പങ്കെടുക്കാത്തതെന്ന് എന്‍ആര്‍എഐ പ്രസിഡന്റ് റാണിന്ദര്‍ സിംഗ് പറഞ്ഞു.
ചൈനയെകൂടാതെ തായ് വാന്‍, ഹോങ്കോംഗ്, മകാവു, വടക്കന്‍ കൊറിയ, തുര്‍ക്മെനിസ്ഥാന്‍ രാജ്യങ്ങളും ലോകകപ്പില്‍നിന്നു പിന്മാറി. കൊറോണ വൈറസ് ബാധ പടരുന്നതിനാല്‍ ഈ രാജ്യത്തേക്കും പുറത്തേക്കും പോകുന്നത് അവിടെയുള്ള സര്‍ക്കാര്‍ തടഞ്ഞതാണ് കാരണം.