യുണൈറ്റഡ്, സിറ്റി, ചെൽസി ജയിച്ചു
Sunday, February 23, 2020 11:59 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയവയ്ക്കു ജയം. ചെൽസി ഹോം മത്സരത്തിൽ 2-1ന് ടോട്ടനത്തെ കീഴടക്കി. ചെൽസിക്കെതിരേയുള്ളത് ടോട്ടനം പരിശീലകൻ ഹൊസെ മൗറീഞ്ഞോയ്ക്ക് പഴയ ക്ലബ്ബിനെതിരായ മത്സരമായിരുന്നു. ഒലിവർ ഗിറു (15), മാർകസ് അലോണ്‍സോ (48) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. അന്റോണിയോ റുഡിഗറിന്റെ (89) സെൽഫ് ഗോളായിരുന്നു ടോട്ടനത്തിന്റെ അക്കൗണ്ടിൽ കയറിയത്.
ലെസ്റ്റർ സിറ്റിയെ എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0നു കീഴടക്കി. 80-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസിന്റെ വകയായിരുന്നു സിറ്റിയുടെ ഗോൾ. ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-0ന് വാറ്റ്ഫോഡിനെ കീഴടക്കി. ബ്രൂണോ ഫെർണാണ്ടസ് (42 -പെനൽറ്റി), ആന്റണി മർത്യാൽ (58), ഗ്രീൻവുഡ് (75) എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. ജയത്തോടെ യുണൈറ്റഡ് 27 മത്സരങ്ങളിൽനിന്ന് 41 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി.
ലീഗിൽ 27 മത്സരങ്ങളിൽനിന്ന് 57 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുണ്ട്. ലെസ്റ്റർ സിറ്റി (50), ചെൽസി (44) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 26 മത്സരങ്ങളിൽനിന്ന് 76 പോയിന്റുമായി ലിവർപൂളാണ് ലീഗിന്റെ തലപ്പത്ത്.