ലങ്കയ്ക്ക് ആവേശജയം
Sunday, February 23, 2020 12:01 AM IST
കൊളംബോ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയ്ക്ക് ആവേശോജ്വല ജയം. അഞ്ച് പന്ത് ബാക്കിനിൽക്കേ ഒരു വിക്കറ്റിനാണ് ലങ്ക ജയിച്ചത്. സ്കോർ: വെസ്റ്റ് ഇൻഡീസ്50 ഓവറിൽ ഏഴിന് 289. ശ്രീലങ്ക 49.1 ഓവറിൽ ഒന്‍പതിന് 290. ഇതോടെ മൂന്ന് മത്സര പരന്പരയിൽ ആതിഥേയരായ ശ്രീലങ്ക 1-0നു മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ വെസ്റ്റ് ഇൻഡീസിനായി ഷായ് ഹോപ്പ് സെഞ്ചുറി നേടി. 140 പന്തിൽ 10 ഫോറിന്റെ സഹായത്തോടെ ഹോപ്പ് 115 റണ്‍സ് സ്വന്തമാക്കി. 52 പന്തിൽ 39 റണ്‍സ് നേടിയ ഡാരൻ ബ്രാവോയും 45 പന്തിൽ 41 റണ്‍സ് സ്വന്തമാക്കിയ റോസ്ടണ്‍ ചേസും സന്ദർശകർക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വാലറ്റത്ത് കീമോ പോളും (17 പന്തിൽ 32 നോട്ടൗട്ട്) ഹെയ്ഡൻ വാൽഷും (എട്ട് പന്തിൽ 20 നോട്ടൗട്ട്) തകർത്തടിച്ച് 49 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയതോടെയാണ് വിൻഡീസ് 289ൽ എത്തിയത്.
ലങ്കയ്ക്കായി ഓപ്പണർമാരായ അവിഷ്ക ഫെർണാണ്ടോയും (50) ക്യാപ്റ്റൻ ദിമുത് കുരണരത്നെയും (52) അർധസെഞ്ചുറി നേടി. കുശാൽ പെരേരയും (42) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാൽ, 22 പന്തിൽ 32 റണ്‍സ് അടിച്ചെടുത്ത തീസര പെരേരയും 39 പന്തിൽ പുറത്താകാതെ 42 റണ്‍സ് സ്വന്തമാക്കിയ വനിൻഡു ഹസരങ്കയുമാണ് ലങ്കയെ ജയത്തിലേക്ക് കൈപിടിച്ചത്. ബൗളിംഗിലും (10-2-47-0) മികവ് പുലർത്തിയ ഹസരങ്കയാണ് മാൻ ഓഫ് ദ മാച്ച്.