ഹൃദയംകൊണ്ടൊരു കളി
Sunday, January 26, 2020 12:29 AM IST
മലബാറിയൻസ് (ഗോകുലം കേരള എഫ്സിയുടെ വിളിപ്പേര്) അങ്ങനെയാണ്, ജയിക്കാനായി കളിക്കുന്പോഴും ഹൃദയംകൊണ്ടാണ് അവർ പന്തു തട്ടുന്നത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന ഗോകുലം കേരള എഫ്സി x ചർച്ചിൽ ബ്രദേഴ്സ് ഐ ലീഗ് ഫുട്ബോൾ മത്സരം മനുഷ്യത്വത്തിന്റെ ഉദാഹരണമായി വാഴ്ത്തപ്പെടും. കാരണം, കഴിഞ്ഞ മാസം മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കളിക്കുന്നതിനിടെ മരിച്ചുവീണ മുൻ കേരള താരം ആർ. ധൻരാജിന്റെ കുടുംബത്തിനാണ് ഗോകുലം ഇന്നത്തെ ടിക്കറ്റ് വിൽപ്പന വരുമാനം നല്കുക.
ഗോകുലത്തിന്റെ ഹൃദയംഗമമായ ഈ ശ്രമത്തിന് പിന്തുണയുമായി ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയും മുൻ ക്യാപ്റ്റൻ ഐ.എം. വിജയനുമടക്കം രംഗത്തെത്തി. ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തിന്റെ 250 ടിക്കറ്റുകൾ വിജയനും 220 ടിക്കറ്റുകൾ ഛേത്രിയും വാങ്ങി. ഇന്ത്യൻ ടീം കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാർ ഗോകുലത്തിന്റെ ഉദ്യമത്തോട് പൂർണമായി സഹകരിക്കുകയായിരുന്നു.
ഗോകുലം എഫ്സിയുടെ ട്വീറ്റ് കണ്ടാണ് ഛേത്രി ടിക്കറ്റ് ആവശ്യപ്പെട്ടത്. വാങ്ങിയ ടിക്കറ്റുകൾ ഫുട്ബോൾ അക്കാഡമികൾക്കോ എൻജിഒകൾക്കോ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. വിവിധ ഫുട്ബോൾ ആരാധകക്കൂട്ടങ്ങളും ടിക്കറ്റ് വാങ്ങുന്നുണ്ട്. മത്സരത്തിന് സൗജന്യ ടിക്കറ്റുകളുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്സി അടക്കമുള്ള ടീമുകളും ഗോകുലത്തിന്റെ ഈ ഉദ്യമത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഈസ്റ്റ് ബംഗാൾ, വിവ കേരള, മോഹൻ ബഗാൻ, മുഹമ്മദൻസ് തുടങ്ങിയ ടീമുകൾക്കെല്ലാം ബൂട്ട് കെട്ടിയിട്ടുള്ള ധൻരാജ് കേരളത്തിനായി സന്തോഷ് ട്രോഫിയിലും കളിച്ചിരുന്നു.