സർഫ്രാസ് ട്രിപ്പിൾ സിക്സറിലൂടെ
Wednesday, January 22, 2020 11:27 PM IST
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തർപ്രദേശിനെതിരേ മുംബൈയുടെ സർഫ്രാസ് ഖാന് ട്രിപ്പിൾ സെഞ്ചുറി. സിക്സറടിച്ചായിരുന്നു സർഫ്രാസ് ട്രിപ്പിൾ തികച്ചത്. സിക്സർ അടിച്ച് ട്രിപ്പിൾ സെഞ്ചുറി നേടുന്നതിൽ ഇന്ത്യൻ മുൻ ഓപ്പണർ വിരേന്ദർ സെവാഗിനൊപ്പവുമെത്തി ഇരുപത്തിരണ്ടുകാരനായ സർഫ്രാസ്. സർഫ്രാസിന്റെ മുൻ ടീമാണ് ഉത്തർപ്രദേശ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. സർഫ്രാസ് 250 റണ്‍സ് തികച്ചതും സിക്സർ പറത്തിയായിരുന്നു.
2009ൽ രോഹിത് ശർമ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് രഞ്ജിയിൽ ഒരു മുംബൈ താരം ഈ നേട്ടത്തിലെത്തുന്നത്. ആറാം നന്പറിൽ ബാറ്റിംഗിനിറങ്ങിയ സർഫ്രാസ് 391 പന്തിൽ 301 റണ്‍സുമായി പുറത്താകാതെ നിന്നു. 30 ബൗണ്ടറിയും എട്ട് സിക്സറും അടങ്ങുന്നതാണ് സർഫ്രാസിന്റെ ഇന്നിംഗ്സ്. സുനിൽ ഗാവസ്ക്കർ, വിജയ് മർച്ചന്റ്, വസിം ജാഫർ, രോഹിത് ശർമ, സഞ്ജയ് മഞ്ജരേക്കർ, അജിത് വഡേക്കർ എന്നിവർക്കുശേഷം മുംബൈക്കായി ട്രിപ്പിൾ നേടുന്ന താരമെന്ന നേട്ടവും സർഫ്രാസിനു ലഭിച്ചു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആറാം നന്പറിൽ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറെന്ന നേട്ടവും സർഫ്രാസ് സ്വന്തമാക്കി. 2014-2015 സീസണിൽ മുംബൈക്കെതിരേ കർണാടകയുടെ കരുണ്‍ നായർ നേടിയ 328 റണ്‍സാണ് രഞ്ജിയിൽ ആറാം നന്പർ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സ്കോർ. അതും മുംബൈ - ഉത്തർപ്രദേശ് മത്സരം നടന്ന വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റണ്‍സ് എന്ന നിലയിൽനിന്ന് മുന്നേറിയ മുംബൈ സർഫ്രാസിന്റെ ട്രിപ്പിൾ സെഞ്ചുറി മികവിൽ ഉത്തർപ്രദേശിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. മത്സരം സമനിലയിൽ കലാശിച്ചെങ്കെലും മുംബൈക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചതിനാൽ മൂന്ന് പോയിന്റ് കിട്ടി. ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് ഒന്നാം ഇന്നിംഗ്സിൽ അക്ഷദീപ് സിംഗിന്റെയും (115) എട്ടാം നന്പറായി ക്രീസിലെത്തി ഡബിൾ സെഞ്ചുറിയടിച്ച ഉപേന്ദ്ര യാദവിന്റെയും (203 നോട്ടൗട്ട്) മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 625 റണ്‍സെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 688 റണ്‍സ് ആണ് നേടിയത്.