ചെന്പട കിരീടത്തിലേക്ക്
Monday, January 20, 2020 11:50 PM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2019-20 ഫുട്ബോൾ സീസണിലെ കിരീടത്തോട് ലിവർപൂൾ അടുക്കുന്നു. ഈ ലീഗ് സീസണിൽ തോൽവി അറിയാതെ കുതിക്കുന്ന ലിവർപൂൾ സ്വന്തം തട്ടകമായ ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ചു.
ജയത്തോടെ ലിവർപൂൾ രണ്ടാംസ്ഥാനക്കാരുമായുള്ള പോയിന്റ് വ്യത്യാസം 16 ആക്കി ഉയർത്തി. 22 കളിയിൽ 64 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്പോൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഇത്രയും മത്സരത്തിൽനിന്ന് 48 പോയിന്റാണുള്ളത്.
30 വർഷത്തെ ചരിത്രമുള്ള പ്രീമിയർ ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന ലിവർപൂളിനെ 14-ാം മിനിറ്റിൽ വിർജിൽ വാൻ ഡിക് മുന്നിലെത്തിച്ചു. അടുത്ത ഗോളിനായി ലിവർപൂളിന് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. മുഹമ്മദ് സലായാണ് രണ്ടാം ഗോൾ നേടിയത്.