ബോക്സിംഗ് റിംഗിൽ മലയാളിത്തിളക്കം
Tuesday, December 3, 2019 12:05 AM IST
കണ്ണൂർ: ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ കണ്ണൂരിന്റെ മണ്ണിൽ ഒരുങ്ങിയ റിംഗിൽ മലയാളി താരങ്ങൾ മത്സരിക്കാൻ എത്തിയപ്പോൾ ആരവങ്ങൾ ഉയർന്നു. 51 കിലോ വിഭാഗത്തിൽ കേരളത്തിന്റെ അനന്യ എസ്. ദാസായിരുന്നു ആദ്യം റിംഗ് രണ്ടിൽ ഇറങ്ങിയത്. ഒഡീഷ സ്വദേശി സന്ധ്യാ റാണി ദാസായിരുന്നു എതിരാളി. നീലക്കുപ്പായത്തിൽ അനന്യ റിംഗിലേക്ക് ഇറങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ ആരവം മുഴങ്ങിത്തുടങ്ങിയിരുന്നു.
ആർപ്പുവിളികളുമായി മലയാളികളടങ്ങിയ കാണികൾ റിംഗിനു ചുറ്റും ആവേശത്തോടെ നിരന്നു. ഇതിനിടെ അനന്യയുടെ കൂറ്റൻ ഇടികൾ എതിരാളിയെ തറപറ്റിച്ചിരുന്നു. മൂന്നു റൗണ്ടിലും അനന്യ തന്നെയായിരുന്നു ജേതാവ്. കൊല്ലം കല്ലുവാതിൽക്കലിലെ ഷീബ-ഹരിദാസ് ദമ്പതികളുടെ മകളാണ് അനന്യ. കൊല്ലം എസ്എൻ കോളജ് ഡിഗ്രി വിദ്യാർഥിനിയാണ്. അനന്യയുടെ ഇരട്ട സഹോദരിയായ അതുല്യയും ബോക്സിംഗ് താരമാണ്. അഞ്ജുവും അനുപമയുമാണ് മറ്റ് സഹോദരിമാർ.
48 കിലോ വിഭാഗത്തിൽ ഒന്നാം റിംഗിൽ ഇറങ്ങിയ അഞ്ജു സാബു ആദ്യ രണ്ടു റൗണ്ടിൽതന്നെ എതിരാളിയെ വീഴ്ത്തി. ബംഗാളിലെ മനിക കുമാരിയെയാണ് ഇടിച്ചിട്ടത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഞ്ജു തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ എംകോം വിദ്യാർഥിനിയാണ്. സാബു-മിനി ദമ്പതികളുടെ മകളാണ്. ബെല്ലാരിയിൽ നടന്ന കഴിഞ്ഞ സീനിയർ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു.