ഏലോ ഏലേലോ യെല്ലോ...
Monday, October 21, 2019 12:28 AM IST
ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണ് കിക്കോഫിന് മണിക്കൂറുകൾക്ക് മുന്പുതന്നെ കൊച്ചിയെ മഞ്ഞക്കടലാക്കി ‘മഞ്ഞപ്പട ആരാധകർ’. 36,298 ഫുട്ബോൾ ആരാധകരാണ് ഇന്നലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അണിനിരന്നത്. എടികെക്കെതിരായ ഉദ്ഘാടന മത്സരം കാണാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അണിയിച്ചൊരുക്കിയ 41 ബസുകളിലും ബ്ലാസ്റ്റേഴ്സ് ആരാധകരെത്തി. ആരാധകർ ബസ് അണിയിച്ചൊരുക്കിയെത്തിയ ചിത്രങ്ങൾ ക്ലബ് ഔദ്യോഗിക സമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ബ്ലാസ്റ്റേഴ്സും എടികെയും ഉദ്ഘാടനമത്സരത്തിൽ നേർക്കുനേർ വരുന്നത്.
വൈകുന്നേരം 6.30ന് തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ടൈഗർ ഷെറോഫ്, ദിഷ പഠാണി എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. ബിസിസിഐ നിയുക്ത അധ്യക്ഷൻ സൗരവ് ഗാംഗുലി, ബ്ലാസ്റ്റേഴ്സ് ഉടമകളിലൊരാളായ ചിരഞ്ജീവി, നിത അംബാനി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.