സഞ്ജു വരട്ടെ
Friday, September 20, 2019 11:08 PM IST
മുംബൈ: തുടർ പരാജയമാകുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിനു പകരം മലയാളി താരം സഞ്ജു വി. സാംസണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തണമെന്ന നിർദേശവും നിരീക്ഷണവും ശക്തമാകുന്നു.
ഇന്ത്യൻ മുൻതാരങ്ങളായ സുനിൽ ഗാവസ്കർ, ബിസിസിഐ മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ് എന്നിവരാണ് അവസാനമായി സഞ്ജുവിനെ ടീമിലെടുക്കുന്നതു സംബന്ധിച്ച അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഇന്ത്യൻ മുൻ താരങ്ങളായ സൗരവ് ഗാംഗുലി, ഗൗതം ഗംഭീർ, വിരേന്ദർ സെവാഗ് തുടങ്ങിയവർ സഞ്ജുവിനെ പിന്തുണച്ച് നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.
അതേസമയം, മോശം ഫോം തുടരുന്ന ഋഷഭ് പന്തിനെതിരേ മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ഇന്ത്യൻ ടീം ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡ് തുടങ്ങിയവരും രംഗത്തെത്തി. പന്ത് അവസരം നഷ്ടപ്പെടുത്തിയാൽ വലിയവില നല്‍കേണ്ടിവരുമെന്നായിരുന്നു ശാസ്ത്രിയുടെ മുന്നറിയിപ്പ്.
അനാവശ്യ ഷോട്ടു കളിച്ച് വിക്കറ്റ് കളയുന്നതാണ് പന്തിനെതിരേ വിമർശനമുയരാൻ കാരണമായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ നാലാം നന്പറിലെത്തിയ ഋഷഭ് പന്ത് നാലു റണ്‍സെടുത്ത് പുറത്തായിരുന്നു.