രോഹിത് ഓപ്പണറായേക്കും: എം.എസ്.കെ. പ്രസാദ്
Tuesday, September 10, 2019 11:33 PM IST
മുംബൈ: ഏകദിന, ട്വന്റി-20 ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകനും ഓപ്പണറുമായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറുടെ സ്ഥാനത്തേക്കു പരിഗണിക്കുമെന്നു ബിസിസിഐ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ്. കെ.എൽ. രാഹുലിന്റെ മോശം ഫോമാണ് രോഹിത്തിനു വീണ്ടും ഓപ്പണറുടെ റോളിലേക്ക് വഴിയൊരുക്കുന്നതെന്ന സൂചനയും സെലക്ടർ നല്കി.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ കളിക്കാരുടെ പ്രകടനം വിലയിരുത്താനായി സെലക്ഷൻ കമ്മിറ്റി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നും അടുത്ത യോഗം ചേരുന്പോൾ രോഹിത്തിനെ ഓപ്പണറാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമയുണ്ടായിരുന്നെങ്കിലും രാഹുലായിരുന്നു ഓപ്പണറായത്. രോഹിത് ശർമയെ മധ്യനിരയിലാണ് പരീക്ഷിച്ചിരുന്നത്. എന്നാൽ, വിൻഡീസിനെതിരായ പരന്പരയിലെ മികച്ച പ്രകടനത്തോടെ മധ്യനിരയിൽ ഹനുമ വിഹാരി സ്ഥാനം ഉറപ്പിച്ചു. അതോടെയാണ് ഫോമിലല്ലാത്ത കെ.എൽ. രാഹുലിനെ മാറ്റി രോഹിത്തിനെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ശ്രമം. ഇംഗ്ലണ്ടിനെതിരേ ഓവലിൽ 149 റണ്‍സ് നേടിയശേഷം രാഹുലിന് ഒരു അർധശതകം പോലും നേടാൻ സാധിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലാണ് ഇന്ത്യ ഇനി കളിക്കുക. മൂന്ന് ടി20 മത്സരങ്ങൾക്കുശേഷം മൂന്ന് ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് പരന്പരയിലും ഇന്ത്യ കളിക്കും.