ധനഞ്ജയയ്ക്ക് അഞ്ചു വിക്കറ്റ്; കിവീസ് പൊരുതുന്നു
Wednesday, August 14, 2019 11:57 PM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ റോസ് ടെയ്ലറിന്റെ ബലത്തിൽ ന്യൂസിലൻഡ് പൊരുതുന്നു. ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് ഒന്നാം ദിനം അവസാനിക്കുന്പോൾ അഞ്ചിന് 203 എന്ന നിലയിലാണ്. 86 റണ്‍സുമായി റോസ് ടെയ്ലറും എട്ട് റണ്‍സുമായി മിച്ചൽ സാന്റ്നറുമാണ് ക്രീസിൽ. അഞ്ച് വിക്കറ്റും അകില ധനഞ്ജയയാണ് സ്വന്തമാക്കിയത്.
ഓപ്പണർമാരായ ജീത് റാവലും (33 റണ്‍സ്) ടോം ലാഥവും ആദ്യ വിക്കറ്റിൽ 64 റണ്‍സ് ചേർത്തു. 30 റണ്‍സ് നേടിയ ലാഥമാണ് ആദ്യം പുറത്തായത്. രണ്ട് പന്തിന്റെ ഇടവേളയിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും (പൂജ്യം) ന്യൂസിലൻഡിനു നഷ്ടപ്പെട്ടു. സ്പിന്നർ ധനഞ്ജയയ്ക്കായിരുന്നു രണ്ട് വിക്കറ്റും. സ്കോർ 71ൽ നിൽക്കുന്പോൾ ജീത് റാവലും ധനഞ്ജയയ്ക്കു മുന്നിൽ മുട്ടുമടക്കി. നാലാം വിക്കറ്റിൽ ടെയ്ലറും ഹെൻറി നിക്കോളാസും (42 റണ്‍സ്) 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.