4 അയ്യർ ദ ഗ്രേറ്റ്...
Monday, August 12, 2019 11:28 PM IST
ഇംഗ്ലീഷ് ഏകദിന ലോകകപ്പ് ക്രിക്കറ്റിനു മുന്‍പു മുതൽ ആരംഭിച്ച നാലാം നന്പർ ബാറ്റിംഗ് സ്ഥാനത്തിൽ ഇതുവരെ തീരുമാനമാകാത്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബലഹീനതയായി കണക്കാക്കാം. കാരണം, നാലാം നന്പറിൽ ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യ പരീക്ഷണങ്ങളാണ് നടത്തിയത്. ലോകകപ്പ് പോലൊരു വേദിയിലും ഇന്ത്യ പരീക്ഷണം മതിയാക്കിയില്ലെന്നതും ബിസിസിഐയുടെ പരാജയമാണ്.
ഇന്ത്യയിൽ ആവശ്യത്തിനു പ്രതിഭകൾ ഇല്ലെന്നതല്ല പ്രശ്നമെന്ന് ലോകകപ്പിനിടെയുണ്ടായ സംഭവ വികാസങ്ങൾ തെളിയിച്ചു. അല്ലെങ്കിൽ അന്പാട്ടി റായുഡുവിന് ക്രിക്കറ്റിനോട് വിടപറയേണ്ടിയും പരീക്ഷണ വറചട്ടിയിൽ പിടഞ്ഞ് വിജയ് ശങ്കറിന് പുറത്തുപോകേണ്ടിയും വരില്ലായിരുന്നു. കെ.എൽ. രാഹുലിനും ഋഷഭ് പന്തിനും അവസരങ്ങൾ ഏറെ ലഭിക്കുന്നുണ്ടെങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നില്ലെന്നതും ശ്രദ്ധേയം. 2023 ലോകകപ്പിലെങ്കിലും ഇന്ത്യക്ക് നാലാം നന്പറിൽ ഒരു വിശ്വസ്തൻ ഉണ്ടാകുമോ...
നാലാം നന്പർ ഏറ്റെടുക്കാൻ തനിക്കു സാധിക്കുമെന്ന അവകാശവാദമാണ് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ശ്രേയസ് അയ്യർ 68 പന്തിൽ 71 റണ്‍സ് എടുത്ത് നടത്തിയത്. പന്തിനും രാഹുലിനും വിജയ് ശങ്കറിനും മനീഷ് പാണ്ഡെക്കുമെല്ലാം ശക്തമായ വെല്ലുവിളിയായിരിക്കുകയാണ് അയ്യർ. 2023 ലോകകപ്പിനു മുന്‍പ് നാലാം നന്പറിൽ ഇന്ത്യ ശ്രേയസ് അയ്യറെ സ്ഥിരപ്പെടുത്തണമെന്നാണ് ക്രിക്കറ്റ് നീരീക്ഷകരുടെ അഭിപ്രായം.
ശ്രേയസ് അയ്യർ
ആറ് ഏകദിനങ്ങൾ മാത്രമാണ് ശ്രേയസ് അയ്യർ ഇതുവരെ കളിച്ചത്. മൂന്ന് അർധസെഞ്ചുറി നേടിയിട്ടുണ്ട്, ശരാശരി 46.83 ആണ്. ആറ് ഏകദിനങ്ങളിൽ മൂന്ന് തവണ അഞ്ചാം നന്പറിലാണ് ഡൽഹി താരം ബാറ്റ് ചെയ്തത്. മൂന്ന് തവണ ആറാമതും. വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും അഞ്ചാം നന്പറിലാണ് ഇറങ്ങിയത്.
അവസരം പരമാവധി മുതലാക്കുന്ന ശ്രേയസ് തന്റെ പ്രകടനത്തിലൂടെ നാലാം നന്പറിനായുള്ള അവകാശവാദം ഉയർത്തിക്കഴിഞ്ഞു. വിൻഡീസ് എയ്ക്കെതിരായ ഇന്ത്യ എയുടെ പരന്പരയിലെ മികച്ച ഫോമാണ് ശ്രേയസിനെ ടീമിലെത്തിച്ചത്. ഐപിഎലിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇരുപത്തിനാലുകാരനായ താരത്തിന് ലോകകപ്പ് ടീമിലേക്ക് ക്ഷണം ലഭിച്ചില്ല.
വിൻഡീസിനെതിരായ ട്വന്റി-20 പരന്പരയിൽ ആവശ്യത്തിന് ബാറ്റിംഗ് സമയം ലഭിക്കാതിരുന്നതും ആദ്യ ഏകദിനം ഉപേക്ഷിച്ചതും ശ്രേയസ് അയ്യർക്കു തിരിച്ചടിയായിരുന്നു.
ഋഷഭ് പന്ത്
ലോകകപ്പിൽ നാലാം നന്പറിൽ പന്ത് ബാറ്റ് ചെയ്തത് നാല് തവണ. 32, 48, 04, 32 എന്നിങ്ങനെയായിരുന്നു അദ്ദേഹം ലോകകപ്പിൽ നേടിയത്. നാലാം നന്പറിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രാപ്തിയില്ലെന്ന ഓർമപ്പെടുത്തലാണ് വിൻഡീസിനെതിരേ നേടിയ 20 റണ്‍സ്. എന്നാൽ, വിമർശനങ്ങളിൽ ഭയമില്ലെന്നാണ് പന്തിന്റെ നിലപാട്. കാരണം, പന്തിനെ പിന്താങ്ങാൻ ടീം മാനേജ്മെന്റിൽ ആളുണ്ടെന്നതുതന്നെ.
പന്തിന്റെ ഷോട്ട് സെലക്ഷനാണ് ഏറ്റവും വിമർശിക്കപ്പെടുന്നത്. രണ്ടാം ഏകദിനത്തിൽ കാർലോസ് ബ്രാത്വൈറ്റിന്റെ പന്തിൽ പുറത്തായതും തീർത്തും മോശം ഷോട്ടിലൂടെയായിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് നാലാം നന്പറിൽ അദ്ദേഹത്തെ കൊള്ളില്ലെന്നു വാദിക്കുന്നവർക്ക് ഇന്ധനമേകുന്നത്.
വിജയ് ശങ്കർ
ലോകകപ്പിൽ നാലാം നന്പറിൽ ഏറ്റവും മിടുക്കനായ താരമാണെന്ന ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിന്റെ കണ്ടുപിടിത്തം അസ്ഥാനത്തായി. എന്നാൽ, ലോകകപ്പിനു മുന്‍പ് അദ്ദേഹം നാലാം നന്പറിൽ ബാറ്റ് ചെയ്തിരുന്നില്ല. വിജയ് ശങ്കറിന്റെ കന്നി ഇന്നിംഗ്സിൽ ആറാം നന്പറിൽ ബാറ്റ് ചെയ്ത് നേടിയത് 45 റണ്‍സ്. രണ്ടാം ഇന്നിംഗ്സിൽ അഞ്ചാം നന്പറിലെത്തി 41 പന്തിൽ 46 റണ്‍സ് നേടി. തുടർന്ന് ഏഴാം നന്പറിൽ 32ഉം 26ഉം. ലോകകപ്പിൽ രണ്ട് ഇന്നിംഗ്സിൽ നാലാം നന്പറിൽ ബാറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനെതിരേയും (41 പന്തിൽ 29 റണ്‍സ്) വെസ്റ്റ് ഇൻഡീസിനെതിരേയും (19 പന്തിൽ 14ഉം). പാക്കിസ്ഥാനെതിരേ ആറാം നന്പറിലെത്തി 15 പന്തിൽ 15ഉം. തുടർന്ന് പരിക്കേറ്റ് പുറത്തായ വിജയ് ശങ്കർ വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടില്ല.
കെ.എൽ. രാഹുൽ
രാഹുലിന്റെ ബാറ്റിംഗ് കഴിവിൽ ആർക്കും സംശയമില്ല. എന്നാൽ, താരത്തിനു ഫോം കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രശ്നം. 22 ഏകദിനങ്ങളിൽ 14 തവണ രാഹുൽ ഓപ്പണറായിരുന്നു. ബാക്കിയുള്ള മത്സരങ്ങളിൽ രണ്ട് തവണ മൂന്നാം നന്പറിലും നാല് തവണ നാലാം നന്പറിലും ഓരോ തവണ വീതം അഞ്ചിലും ആറിലും കളിച്ചു.
രോഹിത് ശർമ - ശിഖർ ധവാൻ ഓപ്പണർമാർക്ക് ബാക്ക് അപ്പ് ആയാണ് രാഹുൽ എന്നതാണ് നിലവിലെ അവസ്ത.