ഹെയ്ൽസ് ‘മുങ്ങി’
Saturday, April 20, 2019 11:35 PM IST
ലണ്ടൻ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലംഗമായ വെടിക്കെട്ട് ബാറ്റ്സ്മാൻ അലക്സ് ഹെയ്ൽസ് കളിക്കളത്തിൽനിന്ന് താത്കാലിക ഇടവേളയെടുത്തു. ഹെയ്ൽസ് വ്യക്തിപരമായ കാരണങ്ങളാൽ താത്കാലിക ഇടവേളയെടുത്തതായി അദ്ദേഹത്തിന്റെ ക്ലബ്ബായ നോട്ടിങ്ഹാംഷെയർ അറിയിച്ചു. അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത് എന്നാണെന്ന കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും ക്ലബ് തങ്ങളുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു.
ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലംഗമായ ഹെയ്ൽസ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
ഇംഗ്ലണ്ടിന്റെ പരിശീലന ക്യാന്പ് അടുത്ത ആഴ്ച തുടങ്ങാനിരിക്കേയാണ് ഹെയ്ൽസിന്റെ തീരുമാനം. ലോകകപ്പിനു മുന്‍പ് അയർലൻഡ്, പാക്കിസ്ഥാൻ ടീമുകൾക്കെതിരേ ഇംഗ്ലണ്ട് പരിശീലന മത്സരം കളിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ ഹെയ്ൽസ് ഉണ്ടാകുമോയെന്നും വ്യക്തമല്ല.
മുപ്പതുകാരനായ ഹെയ്ൽസ് 70 ഏകദിനങ്ങളിൽനിന്ന് ആറ് സെഞ്ചുറിയും 14 അർധസെഞ്ചുറിയുമുൾപ്പെടെ 2,419 റണ്‍സ് നേടിയിട്ടുണ്ട്.