ആറിൽ ഇറക്കിയത് ഇഷ്ടപ്പെടാതെ റസൽ
Saturday, April 20, 2019 11:35 PM IST
കോൽക്കത്ത: ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ ഐപിഎൽ ട്വന്റി-20 മത്സരത്തിൽ ആറാം നന്പറിൽ ഇറങ്ങേണ്ടിവന്നതിന്റെ നിരാശ മറച്ചുവയ്ക്കാതെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രേ റസൽ. ബംഗളൂരു മുന്നോട്ടുവച്ച 214 റണ്‍സ് ലക്ഷ്യം പിന്തുടർന്ന കോൽക്കത്തയ്ക്ക് 33 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. നാലാമതായി ഇറങ്ങിയ റോബിൻ ഉത്തപ്പ 20 പന്തിൽ ഒന്‍പത് റണ്‍സ് മാത്രമാണ് നേടിയത്.
തുടർന്ന് നിതീഷ് റാണയും (46 പന്തിൽ 85 നോട്ടൗട്ട്) ആന്ദ്രേ റസലും (25 പന്തിൽ 65 റണ്‍സ്) ചേർന്ന് കോൽക്കത്തയെ 197വരെ എത്തിച്ചു. 10 റണ്‍സിനായിരുന്നു കോൽക്കത്തയുടെ തോൽവി.
10 റണ്‍സിന്റെ തോൽവി എന്നു പറഞ്ഞാൽ രണ്ട് സ്ട്രൈക്കിന് അകലം മാത്രമാണുള്ളത്. കുറച്ചുകൂടി വേഗത്തിൽ റണ്‍സ് നേടിയിരുന്നെങ്കിൽ അതു സാധിക്കുമായിരുന്നു- റസൽ പറഞ്ഞു.
നാലാം നന്പറിൽ ഇറങ്ങുന്നതാണ് കുറച്ചുകൂടി തനിക്ക് എളുപ്പം. ബാറ്റിംഗിൽ മുൻനിരയിലിറക്കിയാൽ ടീമിന് അത് ഗുണകരമാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്‍പത് സിക്സും രണ്ട് ഫോറും അടക്കമായിരുന്നു റസലിന്റെ 65 റണ്‍സ് പ്രകടനം.