ത്രീ ഡി കണ്ണടയ്ക്ക് ഓർഡർ ചെയ്ത് റായുഡു!
Wednesday, April 17, 2019 12:55 AM IST
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് തഴയപ്പെട്ട അന്പാട്ടി റായുഡു ബിസിസിഐയുടെ തീരുമാനത്തിനു പിന്നാലെ രണ്ട് ത്രീ ഡി കണ്ണട ഓർഡർ ചെയ്തു. സംഭവം സത്യമാണോ എന്നറിയില്ലെങ്കിലും റായുഡു ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ: ലോകകപ്പ് കാണാൻ പുതിയ ഒരു സെറ്റ് ത്രീ ഡി കണ്ണടയ്ക്ക് ഓർഡർ നല്കി. ഒരു കണ്ണടയ്ക്കുകയും നാക്ക് നീട്ടുകയും ചെയ്യുന്ന രണ്ട് സ്മൈലിയും റായുഡു പോസ്റ്റ് ചെയ്തു. ടീമിൽ സ്ഥാനമില്ലെന്നതിനുള്ള റായുഡുവിന്റെ പ്രതികരണം അതിലൊതുങ്ങി.
ഏഷ്യ കപ്പിൽ മികച്ച പ്രകടനം നടത്തി നാലാം നന്പറിൽ അന്പാട്ടി റായുഡുവാണ് ഏറ്റവും ഉചിതനെന്ന് വിരാട് കോഹ്ലിപോലും സമ്മതിച്ചതിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പതനം. റായുഡുവിനു പകരം വിജയ് ശങ്കറിനെയാണ് നാലാം നന്പർ ബാറ്റ്സ്മാനായി ബിസിസിഐ തെരഞ്ഞെടുത്തത്. 190 റണ്‍സ് നേടിയ റായുഡുവായിരുന്നു ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ ടോപ് സ്കോറർ.