കേരളത്തിലേക്കു സഞ്ചാരികളെ ആകർഷിക്കാൻ പ്രചാരണപദ്ധതി
സ്വന്തം ലേഖകൻ
Friday, February 14, 2025 4:11 AM IST
ന്യൂഡൽഹി: കേരളത്തിലേക്കു വർഷം മുഴുവൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം രാജ്യമെങ്ങും ബിസിനസ് യോഗങ്ങൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ കേരളത്തിന്റെ ടൂറിസം വ്യാപാരമേഖല ശക്തിപ്പെടുത്താനായി വിവിധ ഓഹരി ഉടമകളുമായി ചർച്ചകൾ നടന്നു.
വർഷത്തിലെ മുഴുവൻ ദിവസവും സഞ്ചാരികളെത്തുന്ന ഇന്ത്യയിലെ അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ബിസിനസ് യോഗത്തിൽ പറഞ്ഞു. മറ്റു വിനോദസഞ്ചാര സംസ്ഥാനങ്ങൾ പോലെ സഞ്ചാരികൾ കൂട്ടമായെത്തുന്ന ഒരു പ്രത്യേക സമയം കേരളത്തിനില്ലെന്നും ശിഖ വ്യക്തമാക്കി.
കേരളത്തിന്റെ മനോഹാരിത നിലനിർത്തുന്നതിനു മാത്രമല്ല, നവീനമായ പദ്ധതികളിലൂടെ സഞ്ചാരികളെ എക്കാലത്തേക്കും ആകർഷിക്കുന്നതിനും കേരള ടൂറിസം പ്രാധാന്യം നൽകുന്നുണ്ടെന്ന് ഡയറക്ടർ പറഞ്ഞു.
സ്കൂളുകൾക്ക് വേനലവധിയുള്ള ഏപ്രിൽ, മേയ് മാസങ്ങളിൽ കൂടുതൽ സഞ്ചാരികളെ കുടുംബത്തോടൊപ്പം കേരളത്തിലേക്കെത്തിക്കുക എന്നതാണ് പ്രധാനലക്ഷ്യം. ബെംഗളൂരു, അഹമ്മദാബാദ്, ചണ്ഡീഗഡ്, ജയ്പുർ, ചെന്നൈ, കോൽക്കത്ത എന്നിവിടങ്ങളിലും ബിസിനസ് യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേരള ടൂറിസം വകുപ്പ് അറിയിച്ചു.