സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനുള്ള പദ്ധതിയുമായി ബിഎസ്എൻഎൽ
Thursday, November 7, 2024 12:20 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാൻ കഴിയുന്ന സേവനം ആരംഭിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമാണ്.
പുതിയ സംവിധാനം വഴി സിം കാർഡോ മൊബൈൽ നെറ്റ് വർക്കോ ഇല്ലാതെ കോളുകൾ വിളിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഓഡിയോ കോളുകളും വീഡിയോ കോളുകളും ഇങ്ങനെ സാധ്യമാകും.
ഡി ടു ഡി ( ഡിവൈസ് ടു ഡിവൈസ് ) എന്ന സേവനം വഴിയാണ് ഇത്തരം കോളുകൾ വിളിക്കാൻ കഴിയുക.
ഒരു മൊബൈൽ നെറ്റ് വർക്കിന്റെയും ആവശ്യമില്ലാതെ ഉപഗ്രഹങ്ങൾ വഴി മൊബൈൽ ഉപകരണങ്ങളെ ഡി ടു ഡി സാങ്കേതിക വിദ്യ ബന്ധിപ്പിക്കും. വിയാസാറ്റ് എന്ന ഉപഗ്രഹവുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.
ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്.
ഒരു സാധാരണ ആൻഡ്രോയ്ഡ് സ്മാർട് ഫോൺ ഉപയോഗിച്ച് 36,000 കിലോമീറ്റർ അകലെയുള്ള ഉപഗ്രഹത്തിലൂടെയാണ് കോളുകൾ വിജയകരമായി നടത്തിയത്.
പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മൊബൈൽ നെറ്റ് വർക്ക് ലഭ്യമാകുന്നില്ലെങ്കിലും ഈ സംവിധാനങ്ങൾ വഴി കോളുകൾ ചെയ്യാൻ കഴിയും. സമീപ ഭാവിയിൽ തന്നെ ഈ പദ്ധതി രാജ്യത്ത് നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിഎസ്എൻഎൽ അധികൃതർ.