ഗെയിമർമാരെ ലക്ഷ്യമിട്ട് ജിയോ
Thursday, November 7, 2024 12:20 AM IST
മുംബൈ: കന്പ്യൂട്ടറിൽ ഗെയിം കളിക്കുന്നവരെ വലിയ തോതിൽ ആകർഷിക്കാൻ പദ്ധതിയിട്ട് റിലയൻസ് ജിയോ. ഗെയിമർമാർക്കായി ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിക്കാനുളള ആലോചനയിലാണ് ജിയോ. 5ജി സ്പീഡും തടസമില്ലാത്ത നെറ്റ് വർക്കുമാണ് ഗെയിമർമാർക്ക് ആവശ്യം.
നെറ്റ്വർക്ക് ഗെയിമുകൾക്കായി ഉപയോക്താക്കളെ തിരക്കേറിയ നെറ്റ്വർക്കിൽ ഉൾപ്പെടുത്തുന്നതിനുപകരം അവരെ സൂപ്പർഫാസ്റ്റ് നെറ്റ്വർക്ക് ലെയ്നിൽ ഉൾപ്പെടുത്താനുളള സാധ്യതകളാണ് പരിഗണിക്കുന്നതെന്ന് കന്പനിയുടെ ഒരു സീനിയർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗെയിമുകൾ കളിക്കുന്പോൾ വേഗത്തിലുളള പ്രതികരണ സമയം ആവശ്യമായതിനാൽ സൂപ്പർഫാസ്റ്റ് നെറ്റ്വർക്ക് ലയ്ൻ മികച്ച ഗെയിമിംഗ് അനുഭവം ഉപയോക്താക്കൾക്ക് പ്രദാനം ചെയ്യും.
പ്രഫഷണൽ ഗെയിമർമാർക്ക് ജിയോയിൽ പണം നൽകി സബ്സ്ക്രിപ്ഷനുകൾ വാങ്ങാനുളള ഓഫറുകളാണ് നൽകുക. ഫൈബർ ബ്രോഡ്ബാൻഡിൽ നിന്നും ഫിക്സഡ് വയർലെസ് ആക്സസിൽ നിന്നുമാണ് ജിയോയ്ക്ക് കൂടുതൽ വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുളളത്.
ഗെയിമർമാർ കൂടുതലായും ഇത്തരം നെറ്റ്വർക്കുകളെ ആശ്രയിക്കുന്നതാണ് പ്രധാന കാരണം.ഇത് ഉപയോക്താക്കൾക്ക് സ്ഥിരമായ കണക്ഷനും വിപുലമായ ബാൻഡ്വിഡ്ത്തും വേഗതയും വാഗ്ദാനം ചെയ്യുന്നു.