ടാറ്റയെ നയിക്കാൻ ഇനിയാര്?
Thursday, October 10, 2024 11:39 PM IST
മുംബൈ: ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലെത്തിച്ച രത്തൻ ടാറ്റയുടെ പിൻഗാമിയായി ആരാകും എത്തുക എന്നതാണ് ഇന്ത്യൻ ബിസിനസ് ലോകത്തെ ചൂടേറിയ ചർച്ചാവിഷയം. രത്തൻ ടാറ്റയുടെ അർധസഹോദരനായ നോയൽ ടാറ്റ, നോയലിന്റെ മക്കളായ ലിയ, നെവിൽ, മായ, നിലവിൽ ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കന്പനിയായ ടാറ്റ സണ്‍സിന്റെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ. രത്തൻ ടാറ്റയ്ക്ക് ജിമ്മി നവൽ ടാറ്റ എന്ന സഹോദരനുണ്ടെങ്കിലും ബിസിനസിനോട് ഇദ്ദേഹത്തിന് പൊതുവെ താത്പര്യമില്ല.
പ്രധാന ടാറ്റ കന്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവർ, ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമിക്കൽസ്, ടാറ്റ ടെലി സർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കന്പനി തുടങ്ങിയവയുടെ ചെയർമാൻ കൂടിയായിരുന്ന രത്തൻ ടാറ്റ 2012ൽ ചെയർമാൻ സ്ഥാനത്തുനിന്നും വിരമിച്ചിരുന്നു. എന്നാൽ, അതിനു ശേഷവും പ്രധാന കന്പനികളുടെ ചെയർമാൻ എമെരിറ്റസ് എന്ന ഓണററി പദവി രത്തൻ ടാറ്റ നിലനിർത്തുകയും ടാറ്റ ട്രസ്റ്റുകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.
സ്ഥാനമൊഴിഞ്ഞശേഷം കുടുംബത്തിനു പുറത്തുള്ള സൈറസ് പി. മിസ്ത്രിയെയാണ് കന്പനികളെ നയിക്കാനുള്ള ചുമതല രത്തൻ ടാറ്റ ഏൽപ്പിച്ചത്. നാലുവർഷം കഴിഞ്ഞപ്പോൾ 2016ൽ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മിസ്ത്രി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്തായി. പിന്നാലെ 2017ൽ എൻ. ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്തെത്തി.
നോയൽ ടാറ്റ
രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ മകനാണ് നോയൽ ടാറ്റ. നാലു പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് നോയൽ ടാറ്റ. സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോർഡ് ട്രസ്റ്റി, ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡ്, ട്രെന്റ്, വോൾട്ടാസ് ആൻഡ് ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ എന്നിവയുടെ ചെയർമാനായും ടാറ്റ സ്റ്റീൽ ആൻഡ് ടൈറ്റൻ കന്പനി ലിമിറ്റഡിന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിക്കുന്നത് ഉൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കന്പനികളുടെ ബോർഡുകളിൽ നോയൽ സ്ഥാനങ്ങൾ വഹിക്കുന്നു. 2010 മുതൽ 2021 വരെ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിനെ ഉയരങ്ങളിൽ എത്തിക്കുന്നതിൽ നോയൽ ടാറ്റ വഹിച്ച പങ്ക് വലുതാണ്. യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ നോയൽ ടാറ്റ ഐഎൻഎസ്ഇഎഡിയിൽനിന്ന് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂർത്തിയാക്കി.
തലമുറമാറ്റം:
ലിയ, നെവിൽ, മായ
നോയൽ ടാറ്റയുടെ മക്കളും സാധ്യതാ പട്ടികയിലുണ്ട്. 2024 മേയിലാണ് ടാറ്റ ട്രസ്റ്റിലേക്ക് കുടുംബത്തിലെ പുതുതലമുറയിൽപ്പെട്ട ലിയയും നെവിലും മായയും നിയമിതരാകുന്നത്. സർ ദോറാബ്ജി ടാറ്റാ ട്രസ്റ്റ്, സർ രത്തൻ ടാറ്റാ ട്രസ്റ്റ് എന്നിവയടക്കുമുള്ള അഞ്ച് ഗ്രൂപ്പുകളുടെ ട്രസ്റ്റികളാക്കിയായിരുന്നു നിയമനം.
ഇവർക്കെല്ലാംതന്നെ ടാറ്റ ട്രസ്റ്റിൽ ഓഹരികളുണ്ട്. നോയൽ ടാറ്റയുടെ മൂത്തമകളാണ് ലിയ. മാഡ്രിഡിലെ ഐഇ ബിസിനസ് സ്കൂളിൽനിന്നും മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ലിയ 2006ലാണ് ടാറ്റ ഗ്രൂപ്പിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. നിലവിൽ ഇന്ത്യൻ ഹോട്ടൽസ് കന്പനി ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റാണ് ലിയ.
ടാറ്റയുടെ റീടെയ്ൽ ബിസിനസ് സംരംഭമായ ട്രെന്റിലൂടെയാണ് നെവിൽ തന്റെ കരിയറിന് തുടക്കമിട്ടത്.
മായ ടാറ്റയാണ് ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്ക് നോയലിനു പുറമെ ഉയരുന്ന പ്രധാന പേര്.
മായയുടെ തുടക്കം ടാറ്റ ഓപ്പർചൂണിറ്റീസിലായിരുന്നു. മുപ്പത്തിനാലുകാരിയായ മായ ടാറ്റ ക്യാപിറ്റലിൽനിന്ന് ടാറ്റ ഡിജിറ്റലിലെത്തി. രണ്ടിടത്തും മികച്ച പ്രകടനമാണ് മായ കാഴ്ചവച്ചത്. ടാറ്റയുടെ ഷോപ്പിംഗ് ആപ്പായ ‘ന്യൂ’ ലോഞ്ച് ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
എൻ. ചന്ദ്രശേഖരൻ
പത്തു വർഷമായി ടാറ്റ സണ്‍സിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നത് തമിഴ്നാട് സ്വദേശിയായ ചന്ദ്രശേഖരൻ. ടാറ്റ കുടുംബവുമായി ഒരു ബന്ധവുമില്ല ചന്ദ്രശേഖറിന്. ടാറ്റ കണ്‍സൾട്ടൻസി സർവീസസിൽ ജോലി തുടങ്ങിയ അദ്ദേഹം പടിപടിയായി ടാറ്റയുടെ തലപ്പത്ത് എത്തുകയായിരുന്നു.
ടാറ്റ കുടുംബത്തിൽ നിന്നല്ലാത്ത രണ്ടാമത്തെ ചെയർമാനാണ് ചന്ദ്രശേഖർ. ടാറ്റ ഗ്രൂപ്പിൽ, ബോർഡ് സ്ഥാനങ്ങളിൽനിന്നു വിരമിക്കാനുള്ള പ്രായം എഴുപതും എക്സിക്യൂട്ടീവ് സ്ഥാനങ്ങളിൽനിന്ന് വിരമിക്കാനുള്ള പ്രായം അറുപത്തിയഞ്ചുമാണ്. ടാറ്റ സണ്‍സ് ചെയർമാനായ അറുപത്തിയൊന്നുകാരനായ ചന്ദ്രശേഖരന് നാല് വർഷം കൂടി ബാക്കിയുണ്ട്.